ഫലസ്തീനിലെ ഗസ്സയിൽ ഇസ്രാഈല്‍ കൂട്ടക്കൊല തുടങ്ങിയിട്ട് നാളേക്ക് ഒരു മാസം തികയുന്നു. വെള്ളവും വെളിച്ചവും ഭക്ഷണവും മരുന്നും നിഷേധിച്ച് അതിജീവനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ക്രൂരമായ പരീക്ഷണത്തിനാണ് ഗസ്സ ഇരയായിക്കൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 10,000ത്തിലേക്ക് അടുക്കുകയാണ്. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 9227 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3826 പേരും നിഷ്‌കളങ്ക ബാല്യങ്ങളാണ്. 2405 പേര്‍ സ്ത്രീകളും. 2030 പേര്‍ ഇസ്രാഈല്‍ ബോംബുവര്‍ഷത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതില്‍ 1020 പേരും കുട്ടികളാണ്.
ജനീവ കണ്‍വന്‍ഷന്‍ അടക്കം എല്ലാ അന്താരാഷ്ട്ര കരാറുകളും കാറ്റില്‍ പറത്തി നടത്തുന്ന തുല്യതയില്ലാത്ത കൂട്ടക്കുരുതി. ഖത്തര്‍ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ തുടരുമ്പോഴും വെടിനിര്‍ത്തലിനെക്കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്ന ധാര്‍ഷ്ട്യമാണ് നെതന്യാഹു ഭരണകൂടത്തിന്റേത്. പ്രത്യാക്രമണമെന്ന ന്യായീകരണ വലയം തീര്‍ത്ത് അമേരിക്ക അടക്കമുള്ള പശ്ചാത്യ ശക്തികള്‍ ക്രൂരമായ നരഹത്യക്ക് കൂട്ടു നില്‍ക്കുന്നു.
പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ഗസ്സയിലെ ആശുപത്രികളില്‍ ഒരിഞ്ചുപോലും ഇടമില്ലാത്ത സ്ഥിതിയാണ്. 32,516 പേര്‍ക്കാണ് ഇതുവരെ പര്യക്കേറ്റത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 136 ആരോഗ്യ പ്രവര്‍ത്തകർ ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടു. 25 ആംബുലന്‍സുകള്‍ക്കു നേരെ ആക്രമണമുണ്ടായി. 126 ആശുപത്രികളും 50 മെഡിക്കല്‍ സെന്ററുകളും ബോംബിട്ടു തകര്‍ത്തു. ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള അല്‍ അഹ് ലി ആശുപത്രിക്കുനേരെയുണ്ടായ ബോംബിങില്‍ മാത്രം 500ലധികം പേരാണ് കൊല്ലപ്പെട്ടത്.

