കുമ്പള / തിരുവനന്തപുരം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ യാത്ര തുടങ്ങിയ ഇടതു സർക്കാരിൻ്റെ നവകേരള സദസിന് സമാപനം.
മലബാർ പിന്നിട്ടതോടെ നവ കേരള സദസിന് നേരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
പലയിടത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അതിനിടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായ സാഹചര്യത്തിൽ ഫണ്ട് നൽകാതെ നവകേരള സദസി നോട് മുഖം തിരിച്ച് ഇപ്പോഴും ഒട്ടേറെ ത്രിതല പഞ്ചായത്തുകൾ.
പണം കണ്ടെത്താൻ കലക്ടർമാരെ ചുമതലപ്പെടുത്തിയ നിർദേശം ഹൈക്കോടതി ഡിവിഷണൽ ബെഞ്ച് സ്റ്റേചെയ്തിരുന്നു.
ഒരു മണ്ഡലത്തിൽ നവകേരള സദസ് നടത്താൻ ഒരു കോടി രൂപ ചിലവ് വരുമെന്ന് കാണിച്ചായിരുന്നു പത്തനംതിട്ട സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്.
ഒരു സുതാര്യതയും ഇല്ലാതെയാണ് പണപ്പിരിവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇത്തരം ഒരു നിർദ്ദേശം സർക്കാർ നൽകിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറൽ (ഏജി) ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഹാരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റിവെക്കുകയാണുണ്ടായത്.
യു.ഡി.എഫ് അനുകൂല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ തന്നെ നവ കേരള സദസിന് ഫണ്ട് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
വിഷയം കോടതിയിലെത്തിയ സാഹചര്യത്തിൽ ഇനി ഫണ്ട് നൽകേണ്ടതില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും തീരുമാനത്തിലെത്തിയിട്ടുണ്ട്.

