കോഴിക്കോട്. "അധികാരം സർവാധിപത്യമാകുന്നു" എന്ന പ്രസംഗത്തിനിടയിലെ പ്രയോഗത്തിൽ വിശദീകരണവുമായി എം.ടി വാസുദേവൻ രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെ, നേതൃപൂജയ്‌ക്കെതിരെ നടത്തിയ വിമര്‍ശനത്തിലാണ് എം.ടി.വാസുദേവന്‍ നായരുടെ വിശദീകരണം. സാഹിത്യകാരന്‍ എന്‍.ഇ.സുധീര്‍ തന്റെ ഫെയ്‌സ്ബുക് പോസ്റ്റിലാണ് എംടിയുടെ വിശദീകരണം വ്യക്തമാക്കുന്നത്. തന്റെ പരാമര്‍ശം കൊണ്ട് താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് എം.ടി വ്യക്തമായി പറഞ്ഞെന്നും അതെന്താണെന്നും സുധീര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല . ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ എന്നാണ് എം.ടി തന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുന്നത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം.ടിയുടെ വിമര്‍ശനം. അധികാരം എന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആയി മാറി. അധികാരം എന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്നും എം.ടി വ്യക്തമാക്കി.
രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ടെന്ന സംവാദങ്ങള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കന്‍ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണെന്നും എം.ടി ചൂണ്ടിക്കാട്ടി.
അതിനിടെ എം.ടിയുടെ വിമർശനം കേന്ദ്രത്തിനെതിരെയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു.

