കാസർകോട്.ദേശീയപാതയോരങ്ങളിലെ പൊതുനിരത്തുകളിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഫ്ലക്സ് ബോർഡുകൾ നിറയുന്നത് വാഹനഗതാഗതത്തിനും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.
ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് നേരത്തെ കോടതി ഇടപെടലിനെ തുടർന്ന് സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ നിരത്തുകളിലെ ബാനറുകളും, ഫ്ലക്സുകളും നീക്കം ചെയ്തിരുന്നെങ്കിലും നിയന്ത്രണങ്ങൾക്ക് അല്പായുസ് മാത്രമാണുണ്ടായത്. അധികൃതർ നിയന്ത്രണം മയ പ്പെടുത്തിയതോടെ ജില്ലയിലെ പൊതുനിരത്തുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുന്ന സ്ഥിതിയിലാണ്.
വൈദ്യുതി തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ ചാർജ് ഈടാക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.എന്നാൽ ഇതുവരെ അത് നടപ്പായില്ല. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡുകൾ മാത്രമാണ് ഇപ്പോൾ തുറന്നു കൊടുത്തിട്ടുള്ളത്. സർവീസ് റോഡിനു സമീപത്തുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ഭൂരിഭാഗവും ബാനറുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത് വഴി യാത്രക്കാർക്ക് നടന്നു പോകാൻ പ്രയാസപ്പെടുന്നു. ബോർഡുകൾ ഡ്രൈവർമാരുടെ
കാഴ്ച്ച മറക്കാൻ കാരണമാകുന്നു.
ഇത് വാഹനാപകടങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന് നാട്ടുകാർ പറയുന്നു.
വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.

