കുമ്പള."സൂക്ഷിക്കുക കള്ളൻ കൊടിയമ്മ കേന്ദ്രീകരിച്ച് തന്നെയുണ്ട്". കഴിഞ്ഞ കുറച്ച് കാലമായി കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിൽ മോഷ്ടാക്കൾ വിലസുകയാണ്.
സമീപകാലത്ത് കൊടിയമ്മ കേന്ദ്രീകരിച്ചാണ് കൂടുതൽ മോഷണങ്ങളും കവർച്ചാ ശ്രമങ്ങളുമുണ്ടായത്.
രണ്ടാഴ്ച മുമ്പ് ഊജാർ ത്വാഹമസ്ജിദിലുണ്ടായ കവർച്ചാ ശ്രമത്തിനു പിന്നാലെ ചെവ്വാഴ്ച രാത്രി പൂക്കട്ടയിലും മോഷ്ടാവ് എത്തി.
വീടിൻ്റെ തിണ്ണയിൽ
കിടന്നുറങ്ങുകയായിരുന്ന
ഉടമ അബ്ദുൽ റഹിമാൻ്റെ വില കൂടിയ മൊബൈൽ ഫോൺ കൈകലാക്കിയ കള്ളൻ സിം കാർഡ് ഊരി വെച്ചതിനു ശേഷമായിരുന്നു മൊബൈൽ കൊണ്ടുപോയത്.
വീട്ടുടമ കിടന്നുറങ്ങുന്നത് കണ്ടിട്ടും കൂസാതെ തൊട്ടടുത്തുണ്ടായിരുന്ന സൈക്കിളും, കാട് വെട്ട് യന്ത്രവും, അമ്പതോളം തേങ്ങയും, കവർന്നു.
രാവിലെ ഉറക്കമുണർന്നപ്പോഴാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്.
അര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.
നേരത്തെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടിലും സിം കാർഡ് ഊരിവെച്ച് മൊബൈൽ കവർന്നിരുന്നു.
കവർച്ച പെരുകുമ്പോഴും മോഷ്ടാക്കളെ പിടികൂടാനോ രാത്രി കാല പെട്രോളിങ് ശക്തമാക്കാനോ പൊലിസിന് സാധിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കവർച്ചാ സംഘത്തെ പിടികൂടാൻ രാത്രികാലങ്ങളിൽ കാവലിരിക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ.
ഉടമയുടെ പരാതിയെ തുടർന്ന് കുമ്പള പൊലിസെത്തി അന്വേഷണം ആരംഭിച്ചു.
അതേ സമയം കൊടിയമ്മയിൽ തുടർച്ചയായുണ്ടാകുന്ന കവർച്ചയെ സംബന്ധിച്ച് സാമുഹ്യ പ്രവർത്തകൻ ഇബ്രാഹിം കൊടിയമ്മ ജില്ലാ പൊലിസ് മേധാവിയെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചു.

