ഷിറിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി.
തലപ്പാടി - ചെങ്കള റീച്ചിലെ പ്രധാന പാലങ്ങളിലൊന്നാണ് ഷിറിയ പാലം.
ഉപ്പള പാലത്തിൽ ഗർഡർ സ്ഥാപിക്കാൻ ഉപയോഗിച്ച അതേ രീതി തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.
പ്രത്യേകം തയ്യാറാക്കിയ യന്ത്രങ്ങൾക്കു പുറമേ നൂറോളം ജീവനക്കാരുടെ സേവവും ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്.
പത്തിലേറെ എൻജിനിയർമാരടങ്ങുന്ന സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
ഇരുകരകളിലായാണ് ആദ്യഘട്ടത്തിൽ ഗർഡർ ഘടിപ്പിക്കുക. പിന്നീട് കൂറ്റൻ യന്ത്രങ്ങളുടെ സഹായത്തോടെ മധ്യഭാഗത്തെ തൂണുകൾക്ക് മുകളിൽ ഗർഡർ സ്ഥാപിക്കും.
ഇതിൻ്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
പ്രത്യേകം ട്രാക്കുകൾ ഒരുക്കിയാണ് ഗർഡർ തൂണുകൾക്ക് മുകളിൽ എത്തിക്കുന്നത്.
അത്യാധുനിക രീതിയിലുള്ള കൂറ്റൻ ക്രൈനുകളും എത്തിച്ചിട്ടുണ്ട്.
പൊസോട്ട് മുതൽ മൊഗ്രാൽ വരെയുള്ള എട്ടോളം പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇതിൽ പൊസോട്ട്,ഉപ്പള, കുമ്പള എന്നിവിടങ്ങളിൽ അവസാനവട്ട മിനുക്ക് പണികളും കഴിഞ്ഞു.

