വോട്ടർ പട്ടിക ഹിയറിങിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; എ.കെ.എം അഷ്റഫ് എം.എൽ.എഉള്‍പ്പെടെ നാല് പേര്‍ക്ക് പതിനഞ്ച് മാസം തടവ്
October 31, 2023
0
കാസര്‍കോട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിങിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ എ.കെ.എം അഷ്റഫ് എംഎൽഎ ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകള്‍ പ്രകാരം ഒരുവര്‍ഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2015 നവംബര്‍ 25ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് കേസിനാസ്പദമായ സംഭവം. ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസര്‍കോട് ഡെപ്യൂട്ടി തഹസില്‍ദാര്‍ ദാമോദരന്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതാണ് കേസ്.

