ഉപ്പള.കാസർകോട് ജില്ലയിലെ മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥ ക്ഷാമത്തിന് പരിഹാരമാകുന്നു. ഒഴിവുള്ള മുഴുവൻ തസ്തികളിലേക്കും ജീവനക്കാരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.
പഞ്ചായത്ത് ഓഫീസിൽ കെട്ടിക്കിടക്കുന്ന 3280 ഫയലുകൾ തീർപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാരുടെ ഒഴിവുകൾ നികത്തണമെന്നുമാവശ്യപ്പെട്ട് ഭരണസമിതി കഴിഞ്ഞ ഒരു മാസത്തിലേറെയായി സമരത്തിലായിരുന്നു.
വിവിധങ്ങളായ സമരപരിപാടികൾ നടത്തുകയും, ഡി.ഡി.പി ഓഫീസിലെ ജീവനക്കാരെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിടുന്ന സംഭവങ്ങൾ വരെ ഉണ്ടായി.പിന്നീട് സമരം സെക്രട്ടറിയേറ്റിലേക്ക് എന്ന നില സ്വീകരിച്ചതോടെയായിരുന്നു തിടുക്കപ്പെട്ട് ഒഴിവുകളെല്ലാം നികത്താൻ നീക്കം തുടങ്ങിയത്.
ഒരു അക്കൗണ്ടിൻ്റെ മാത്രമാണ് ഒഴിവ് നികത്താനുള്ളത്. എൽ.ഡി ക്ലർക്ക്, ഡ്രൈവർ എന്നിവരുടെ നിയമനമായെങ്കിലും വരും ദിവസങ്ങളിൽ ചുമതലയേൽക്കും.
കഴിഞ്ഞ കുറേ വർഷങ്ങളായി തുടരുന്ന ജീവനക്കാരുടെ അഭാവം കാരണം 2017 മുതലുള്ള ഫയലുകൾക്ക് പരിഹാരമായില്ലെന്നാണ് ഭരണസമിതി ആരോപിച്ചത്.
ചാർജെക്കുന്നതിനു പിന്നാലെ ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോഴുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയാവുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരസഭാ സ്വഭാവമുള്ള പഞ്ചായത്താണ് മംഗൽപ്പാടി. അതു കൊണ്ടു തന്നെ ജനകീയ പ്രശ്നങ്ങളും ഏറെയാണ്.
ജനസംഖ്യാ വർധനവ് പ്രകാരം മംഗൽപ്പാടി പഞ്ചായത്ത് എന്നേ നഗരസഭയാകേണ്ടതായിരുന്നു.
നിലവിലെ കണക്ക് പ്രകാരം ഒന്നേകാൽ ലക്ഷത്തോളം ആളുകളാണ് പഞ്ചായത്തിലുള്ളത്. പതിനാറായിരം വീടുകളും അയ്യായിരം കച്ചവട സ്ഥാപനങ്ങളുമുണ്ട്.40 ഫ്ലാറ്റ് സമുച്ചയങ്ങൾ. ഒരു പക്ഷേ ഒരു പഞ്ചായത്ത് പരിധിയിൽ ഇത്രയുമധികം ഫ്ലാറ്റ് സമുച്ചയങ്ങൾ മംഗൽപ്പാടിയിലായിരിക്കാം.

