കുമ്പള.അവഗണന നേരിടുന്ന കുമ്പള റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകിട്ടോടെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സന്ദർശനം.
37.5 ഏക്കർ ഭൂമി സ്വന്തമായുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വികസനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യവും നിലവിലുള്ളതിനാൽ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്ന് സന്ദർശന വേളയിൽ നാട്ടുകാർ എംപിയോട് ആവശ്യപ്പെട്ടു.
ഓരോ വർഷവും ഒന്നരക്കോടി രൂപ വരുമാനവും, ഒന്നര ലക്ഷം യാത്രക്കാരും കുമ്പള സ്റ്റേഷനെ ആശ്രയിക്കുന്നുവെന്ന് റെയിൽവേയുടെ കണക്കിൽ നിന്ന് തന്നെ വ്യക്തമാവുന്നുണ്ട്. എന്നിട്ട് പോലും ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് കുമ്പളയിൽ സ്റ്റോപ്പ് ഉള്ളത്. മാവേലി, പരശുറാം, കണ്ണൂർ- ബെംഗളൂരു എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, ഇതിനായി ഇടപെടൽ നടത്തണമെന്നും യുഡിഎഫ് നേതാക്കളും,കുമ്പള പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് ഏകോപനസമിതി ഭാരവാഹികളും, മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും, പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെട്ടു.
ദേശീയപാതയിൽ നിന്ന് നേരിട്ട് ഒന്നാം ഫ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാനുള്ള ഏക റെയിൽവേ സ്റ്റേഷനാണ് കുമ്പള. ആശുപത്രി,വിദ്യാഭ്യാസം വ്യാപാരാവശ്യ ങ്ങൾക്കൊക്കെ പോയി വരുന്നവരാണ് യാത്രക്കാറേറേയും.8 പഞ്ചായത്തുകളിലെയും,കാസർഗോഡ് നഗരസഭയുടെ വടക്കൻ ഭാഗത്തേയും യാത്രക്കാരാണ് കുമ്പളയെ ആശ്രയിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ ഫ്ലാറ്റ്ഫോമിന് മേൽക്കൂരയുടെ അഭാവമുണ്ട്. ഇത് പരിഹരിക്കാൻ നടപടി വേണം. റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണം. സാമൂഹിക ദ്രോഹികൾ താവളമാക്കാതിരിക്കാൻ സ്റ്റേഷന്റെ എല്ലാ ഭാഗത്തും വെളിച്ചം ലഭ്യമാക്കണം.കുടി വെള്ള സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ സുചി മുറികളും വേണം. സ്റ്റേഷനിൽ യാത്രക്കാർക്ക് ഉച്ചഭാഷിണിയിലൂടെ വിവരമറിയിക്കാൻ സംവിധാനം ഉണ്ടാക്കണമെന്നും എംപിയോട് സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരും ആവശ്യപ്പെട്ടു.
എം പി ക്ക് കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഭാരവാഹികൾ നിവേദനവും നൽകി.
വിഷയത്തിൽ അനുഭാവപൂർണ്ണമായ നടപടി സ്വീകരിക്കുമെന്നും, റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെടുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ എംപി വ്യക്തമാക്കി.

