റെയിൽവേ സ്റ്റേഷനുകളിൽ എം.പി നടത്തിയ സന്ദർശനത്തിൽ
ഉപ്പളയിലും മഞ്ചേശ്വരത്തും പ്രതീക്ഷ.
അവഗണന നേരിടുന്ന അത്യുത്തര ദേശത്തെ റെയിൽവേ സ്റ്റേഷനുകളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി കഴിഞ്ഞ ദിവസമായിരുന്നു സന്ദർശം നടത്തിയത്. കുമ്പള, ഉപ്പള മഞ്ചേശ്വരം സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു സന്ദർശനം.
സ്റ്റേഷൻ്റെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ എം.പിക്ക് ഇവിടങ്ങിലെ ശോചനീയാവസ്ഥയും മറ്റും ബോധ്യപ്പെട്ടു.
മൂന്ന് സ്റ്റേഷനുകളുടെയും വികസന കാര്യത്തിൽ ആവുന്നതെല്ലാം ചെയ്യുമെന്ന് എം.പി പറഞ്ഞു.
അതേ സമയം വികസന സാധ്യത കൂടുതലായി കാണുന്ന കുമ്പളയിലും മഞ്ചേശ്വരത്തും ദീർഘദൂര ട്രെയിനുകളടക്കമുള്ള കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തിലും ഉപ്പളയിൽ കോമേഴ്സ്യൽ ക്ലർക്കിൻ്റെ എണ്ണം വർധിപ്പിക്കാനും ശക്തമായ ഇടപെടൽ നടത്തുമെന്നും എം.പി നാട്ടുകാർക്ക് ഉറപ്പ് നൽകി. അവഗണനയുടെ ട്രാക്കിലോടുന്ന ഉപ്പള സ്റ്റേഷന് കൂടുതൽ പ്രതീക്ഷയ്ക്ക് വക നൽകുന്നതായിരുന്നു ഉപ്പളയിലെ സന്ദർശനം. അവഗണനയുടെ നേർസാക്ഷ്യങ്ങളായി മാറിയ കുമ്പള, ഉപ്പള, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനുകളുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് വിവരിക്കുന്ന "തുളുനാടിൻ്റെ റെയിൽവേ വികസനത്തിന് ഗ്രീൻ സിഗ്നൽ തെളിയുമോ?" എന്ന പരമ്പര ഡിസംബർ 2 മുതൽ റൈറ്റ് മീഡിയ ഓൺലൈനിലൂടെ വായിക്കാം.

