ഹമാസ് പിടിച്ചു വെച്ച ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍ പ്രതിഷേധം കനക്കുന്നു. ഐ.ഡി.എഫ് ബന്ദികളെ വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. തെല്‍അവീവിലെ തെരുവുകളിലേക്ക് പ്രതിഷേധവുമായി ജനങ്ങള്‍ ഇറങ്ങിയെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ബന്ദികളുടെ മോചനത്തിനായി നെതന്യാഹു ഒന്നും ചെയ്യുന്നില്ല എന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
നവംബര്‍ അവസാനം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു ബന്ദികളെ കൈമാറിയത് പോലെ ഇനിയും ബന്ദികൈമാറ്റം വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ‘സമയം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്, ബന്ദികളെ അവരുടെ വീട്ടിലെത്തിക്കൂ, അവസാന ബന്ദിയും മോചിതനാകുന്നത് വരെ ജയമില്ല’, എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങള്‍ പ്രതിഷേധിക്കുകയാണെന്നും ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ദികളുടെ ചിത്രങ്ങളും കയ്യിലേന്തി പ്രതിഷേധക്കാര്‍ ഇസ്‌റാഈല്‍ സൈനിക ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയെന്ന് ഡി.പി.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ബന്ദികളുടെ മോചനത്തിനായി ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയെന്ന വിവരം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പ്രതികരണം.

