കുമ്പള.കുമ്പള നഗരത്തോട് ചേർന്ന് സ്കൂൾ മൈതാനത്തിനകത്തെ കൂറ്റൻ തണൽ മരം അപകട ഭീഷണിയാകുന്നു.
മൈതാനത്തിൻ്റെ ചുറ്റുമതിനോട് ചേർന്നുള്ള മരത്തിൻ്റെ വേര് പുറംതള്ളി നിൽക്കുന്നതിനാൽ എട്ടടി പൊക്കത്തിലുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്.
മതിലിന് വലിയ തോതിൽ വിള്ളൽ വീണതിനാൽ ഏതു സമയയും മരവും ചുറ്റുമതിലും നിലംപതിക്കുമെന്ന സ്ഥിതിയിലാണുള്ളത്.
സ്കൂൾ റോഡിലേക്ക് പ്രവേശിക്കുന്ന നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് ഇത്തരത്തിൽ അപകടാവസ്ഥയിലായ മരവും ചുറ്റുമതിലുമുള്ളത്.
മരത്തിന് താഴെയായി വൈദ്യുത ലൈനും കടന്നു പോകുന്നുണ്ട്,
വിദ്യാർഥികളടക്കമുള്ള ആയിരകണക്കിന് യാത്രക്കാർ കടന്നു പോകുന്ന വഴിയാണിത്. മരം തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. നഗരത്തിലെത്തുന്ന വാഹനങ്ങൾ ഏറെയും പാർക്ക് ചെയ്യുന്നതും ചുറ്റുമതിനോട് ചേർന്നു തന്നെ.
നഗരത്തിൽ നിന്നും പഞ്ചായത്ത്, പൊലിസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും, വിദ്യാർഥികൾ എളുപ്പം ബസ്റ്റാൻഡിലേക്കും പ്രവേശിക്കാൻ ഉപയോഗിക്കുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്.
മരം കടപുഴകിയാൽ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുമെന്നതിനു പുറമേ ആളപായമുണ്ടാകാനും സാധ്യതയേറെയാണ്.
അപകടത്തിന് കാത്തുനിൽക്കാതെ മരം മുറിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും രക്ഷിതാക്കളും വ്യാപാരികളും പറയുന്നു. ഈയിടെയാണ് കാസർകോട് നഗരത്തിൽ പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടെ ചുറ്റുമതിലിടിഞ്ഞ് രണ്ട് പേർ മരിക്കാനിടയായ സംഭവംഉണ്ടായത്.

