ഇംഫാല്‍.രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്ക് തുടക്കം. മണിപ്പുരിലെ തൗബാലില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ബി.എസ്.പി. പുറത്താക്കിയ ഡാനിഷ് അലി എം.പിയും ഭാരത് ജോഡോ ന്യായ് യാത്ര വേദിയില്‍ പങ്കെടുത്തു.
പ്രത്യേക ഇന്‍ഡിഗോ വിമാനത്തില്‍ മണിപ്പുരിലെ ഇംഫാലിലെത്തിയ രാഹുലും നേതാക്കളും തൗബാലിലെ ഖാന്‍ജോം യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള രാജ്യത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യ മുന്നണിയിലെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സന്നിഹിതരായി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തിയ ഒന്നാം ഭാരത് ജോഡോ യാത്ര വര്‍ത്തമാന കാല കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനാ പ്രവര്‍ത്തനമായാണ് വിലയിരുത്തപ്പെടുന്നത്. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന സന്ദേശമായിരുന്നു ആദ്യ യാത്രയുടെ മുദ്രാവാക്യം. എന്നാല്‍ ഇത്തവണ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ത്യന്‍ ജനതയുടെ നീതിക്കും, ന്യായത്തിനും അവകാശങ്ങള്‍ക്കും വേണ്ടിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കലാപ ഭൂമിയായി മാറിയ മണിപ്പൂരിലെ ജനതയ്ക്ക് നീതി ആവശ്യപ്പെട്ട് കൊണ്ടാണ് യാത്ര ആരംഭിക്കുന്നത്.
യാത്ര 15 സംസ്ഥാനങ്ങളിലൂടെ 67 ദിവസം സഞ്ചരിച്ച് മാർച്ച് 20ന് മുംബൈയിൽ സമാപിക്കും

