കാസർകോട്.ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വികസനം നടപ്പിലാക്കാനുള്ള
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ മൊഗ്രാൽ ബീച്ച് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കുമ്പള പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി.
വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യതയുള്ള പ്രദേശമാണ് കുമ്പള പഞ്ചായത്തിലെ മൊഗ്രാൽ തീരം. ഇവിടങ്ങളിൽ ഇതിനകം തന്നെ സ്വകാര്യ
പങ്കാളിത്തത്തോടെയുള്ള റിസോർട്ടുകൾ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.
മുമ്പ് നാട്ടുകാരുടെ നേതൃത്വത്തിൽ "ബീച്ച് ഫെസ്റ്റിവൽ'' സംഘടിപ്പിച്ചിരുന്നു. വൻ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു. മാത്രവുമല്ല വിശാലമായ തീരത്തിരുന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനും, ഉദയാസ്തമനം കാണാനുമായി ഒഴിവു ദിവസങ്ങളിൽ കുടുംബസമേതം നിരവധി പേരാണ് മൊഗ്രാൽ തീരത്ത് എത്തുന്നത്. വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഈ സാഹചര്യത്തിൽ ടൂറിസം ഹബ്ബ് പദ്ധതിയിൽ മൊഗ്രാൽ തീരത്തെ കൂടി പരിഗണിച്ചാൽ സ്വകാര്യ പങ്കാളിത്തത്തോടെ തന്നെ ടൂറിസം വികസനം സാധ്യമാകുമെന്നും റിയാസ് മൊഗ്രാൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

