കുമ്പള.കടൽക്ഷോഭത്തിൽ ഭിത്തി തകർന്ന പെർവാഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം പുരോഗമിക്കുന്നു.
80 മീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലുമാണ് ജിയോ ബാഗ് പ്രൊട്ടക്ഷൻ ബണ്ട് നിർമിക്കുന്നത്.
രൂക്ഷമായ കടലാക്രമണത്തിൽ വീടുകൾക്ക് വെള്ളം കയറുകയും, കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
നേരത്തെ കരിങ്കൽ ഉപയോഗിച്ചായിരുന്നു കടൽഭിത്തി നിർമ്മിച്ചിരുന്നത്. എന്നാൽ ശക്തമായ കടൽക്ഷോഭത്തിൽ വർഷംതോറും ഭിത്തി തകർന്നു കല്ല് കടലിലേക്ക് ഒഴുകിപോകുകയാണ് പതിവ്.
അതുകൊണ്ടുതന്നെ കരിങ്കൽ ഭിത്തി കൊണ്ടുള്ള കടൽ ഭിത്തി നിർമാണത്തിൽ തീരദേശവാസികൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ജിയോ ബാഗ് ഉപയോഗിച്ചുള്ള കടൽ ഭിത്തി നിർമ്മാണം ഫലപ്രദമാണെന്ന് അതികൃതർ പറയുന്നുണ്ട്. കോയിപ്പാടി, ചേരങ്കൈ എന്നിവിടങ്ങളിൽ ഇത്തരം കടൽ ഭിത്തികൾ വർഷങ്ങളായി നിലനിൽക്കുന്നുമുണ്ട്.
ഇവിടെ നിർമ്മിക്കുന്ന ഭിത്തിക്ക് ഒരു മീറ്റർ താഴ്ചയും,ഭൂനിരപ്പിൽ നിന്ന് ഒന്നര മീറ്റർ ഉയരവും ഉണ്ട്. അടിത്തറയൊരുക്കാൻ നീക്കിയ മണൽ പ്രത്യേകതരം ബാഗിൽ നിറച്ചാണ് ഭിത്തി നിർമ്മിക്കുന്നത്.
1,500 ജിയോ ബാഗുകളിലായാണ് ഭിത്തി നിർമിക്കുന്നത്. ജലസേചന വകുപ്പ് ഫണ്ട് അനുവദിച്ച 14ലക്ഷം രൂപ ചിലവിലാണ് നിർമാണം.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് ജില്ലാ വികസന സമിതി യോഗത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ ആവശ്യപ്രകാരമാണ് ഭിത്തി നിർമാണം ആരംഭിച്ചതെന്ന് കുമ്പള പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സബൂറ പറഞ്ഞു.അതേസമയം തകർന്നടിഞ്ഞ എഴുന്നൂറ് മീറ്റർ ഭാഗത്ത് കടൽ ഭിത്തി നിർമാണം നടത്താനുണ്ട്.നാട്ടുകാരുടെ നിരന്തരമായുള്ള ആവശ്യത്തെ തുടർന്നാണ് 80 മീറ്റർ ഭിത്തി നിർമാണം തുടങ്ങിയത് .

