കുമ്പള.കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന്
ഒടുവിൽ നേതൃത്വം മുട്ടുമടക്കി.
ഫണ്ട് നൽകിയില്ലെന്ന കാരണത്താൽ കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിനെതിരായ കെ.പി.സി.സി നടപടി പിൻവലിച്ചു. ഇതോടെ രവി പൂജാരി പ്രസിഡൻ്റായി തുടരുമെന്ന് ഡി.സി.സി പ്രസിഡൻ്റ് പി കെ ഫൈസൽ അറിയിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനിടെയാണ് കെ.പി.സി.സിയുടെ സമരാഗ്നി പരിപാടിക്ക് ഫണ്ട് നൽകിയില്ലെന്ന കാരണത്താൽ രവി പൂജാരിക്കെതിരെ കെ. പി.സി.സിയുടെ പുറത്താക്കൽ നടപടി എത്തിയത്.
ജില്ലയിൽ അത്തരത്തിൽ അഞ്ച് മണ്ഡലം പ്രസിഡൻ്റു മാർക്കെതിരെയാണ് നടപടി എടുത്തിരുന്നത്.
വൈകിയാണെങ്കിലും ഫണ്ട് നൽകിയതിനെ തുടർന്ന് നേരത്തെ 2 മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെയുള്ള നടപടി റദ്ദാക്കി പ്രസിഡൻ്റ് സ്ഥാനം പുനസ്ഥാപിച്ചിരുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി പൂജാരിക്ക് പ്രവർത്തന മികവിന്റെ അംഗീകാരമായാണ് കഴിഞ്ഞ തവണ മണ്ഡലം പ്രസിഡൻ്റ് സ്ഥാനം ലഭിച്ചത്. കെ.പി.സി.സിയും, ഡി.സി.സിയും ആഹ്വാനം ചെയ്യുന്ന എല്ലാ പാർട്ടി പരിപാടികളും സംഘടിപ്പിക്കാൻ രവി പൂജാരി നേതൃത്വം നൽകിയിരുന്നു.
പുറത്താക്കിയ കാര്യം പത്രവാർത്തയിലൂടെയാണ് രവി പൂജാരി അറിഞ്ഞത്.ഈ നടപടിയെയും രവി പൂജാരി ചോദ്യം ചെയ്തിരുന്നു. കെപിസിസി പ്രസിഡൻ്റിന് കത്ത് അയക്കുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും പുറത്താക്കൽ നടപടി പിൻവലിച്ചതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദത്തിലാണ്.

