മഞ്ചേശ്വരം.കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതിനു പിന്നാലെ ആശുപത്രിയിൽ മരിച്ച പ്രതിയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി.പരിയാരം മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് മൊയ്തീൻ ആരിഫി ( 22) ൻ്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
മരണത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കളുടെ പരാതിയിൽ മഞ്ചേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ശരീരത്തിൽ പരുക്കേറ്റതിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണ കാരണം കൃത്യമായി പറയാൻ കഴിയുകയുള്ളുവെന്നും
മഞ്ചേശ്വരം പൊലിസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ രണ്ടു പേരെ പിന്നീട് വിട്ടയച്ചതായും പൊലിസ് അറിയിച്ചു. ഞായറാഴ്ച രാത്രി കഞ്ചാവ് കടത്തിയതിനു അറസ്റ്റിലായ പ്രതിയെ ജാമ്യത്തിൽ വിട്ടിരുന്നു. സ്റ്റേഷനിൽ നിന്ന് ബന്ധുവായ അബ്ദുൽ റഷീദിനൊപ്പമാണ് ഇരുചക്ര വാഹനത്തിൽ പ്രതിയെ പൊലിസ് വിട്ടയച്ചത്. ഇതിനു ശേഷം വീട്ടിലെത്തിയ മൊയ്തീൻ ആരിഫ് തിങ്കളാഴ്ച രാവിലെയോടെ ഛർദ്ദിക്കുകയും ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നില ഗുരുതരമായതിനെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണപ്പെടുകയുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ബന്ധുവായ റഷീദ് നൽകിയ മൊഴികളിൽ വൈരുദ്യമുണ്ടെന്നും പൊലിസ് പറഞ്ഞു.

