മൊഗ്രാൽ.
കാസർകോട് -മംഗളൂരു റെയിൽ പാതയിൽ പുതുതായി വേഗത കൂടിയ ട്രെയിനുകൾ ഓടിത്തുടങ്ങുമ്പോൾ
ജനവാസ മേഖലയായ മൊഗ്രാൽ പടിഞ്ഞാർ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂടും.
വിദ്യാർഥികളടക്കമുള്ള നാട്ടുകാർക്ക് മൊഗ്രാൽ ടൗണിൽ എത്താൻ ഇരട്ട റെയിൽപ്പാളം കടന്നുവേണം പോകാൻ. കൂടുതൽ വേഗതയുള്ള "വന്ദേ ഭാരത് ''പോലുള്ള ട്രെയിൻ സർവീസ് കാസർകോട് -മംഗളൂരു പാതയിൽ ഓടി തുടങ്ങുമ്പോൾ സുരക്ഷാ സംവിധാനവും, പ്രദേശവാസികൾക്ക് റെയിൽപാളം മുറിച്ചുകിടക്കുന്നതിന് പകരം ബദൽ സംവിധാനം ഒരുക്കേണ്ടതും റെയിൽവേയുടെ നടപടിയുടെ ഭാഗമാണ്. എന്നാൽ കൊപ്പളം, മൊഗ്രാൽ മീലാദ് നഗർ പ്രദേശങ്ങളിൽ റെയിൽപ്പാളം മുറിച്ചുകടക്കുന്ന വഴികൾ കെട്ടിയടച്ചാണ് റെയിൽവേയുടെ "വൺവേ'' നടപടി. ബദൽ സംവിധാനം ഒരുക്കുന്നതിൽ റെയിൽവേ അധികൃതർക്ക് മറുപടിയില്ല.
പ്രദേശവാസികൾ ബദൽ സംവിധാനം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. എല്ലാവരും കൈമലർത്തുന്നുവെ ന്ന ആക്ഷേപവും ഉണ്ട്. അതേസമയം കോഴിക്കോട് ഭാഗങ്ങളിൽ ഇത്തരത്തിലുള്ള റെയിൽവേ നടപടി ജനപ്രതിനിധികളും, നാട്ടുകാരൻ ചേർന്ന് തടഞ്ഞിരുന്നു. ബദൽ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മതി, കെട്ടിയടക്കൽ എന്നതായിരുന്നു അവരുടെ നിലപാട്. ഇതുമൂലം റെയിൽവേ നടപടികളിൽ നിന്ന് പിന്നോക്കം പോയിരുന്നു.
ആലപ്പുഴ വഴി സർവീസ് നടത്തുന്ന 20631/32 വന്ദേ ഭാരത് ട്രെയിനാണ് നാളെ മുതൽ മംഗ്ലൂരൂവിലേക്ക് നീട്ടുന്നത്. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:40ന് മംഗളൂരു സെൻട്രലിൽ എത്തും. തിരിച്ച് 6.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പകൽ 3.05ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് സമയ ക്രമം ക്രമീകരിച്ചിരിക്കുന്നത്. അതിനിടെ നഷ്ടത്തിലോടുന്ന ഗോവ -മംഗളൂരു വന്ദേ ഭാരത് കണ്ണൂരിലേക്കോ,കോഴിക്കോട്ടേക്കോ നീട്ടാനുള്ള സാധ്യതയും റെയിൽവേ പരിഗണിച്ച് വരുന്നുണ്ട്.
കാസർകോട്- മംഗളൂരു റെയിൽപാത കടന്നുപോകുന്ന ജനവാസ മേഖലകളിൽ,വിദ്യാർത്ഥികൾക്കും മറ്റും ഉണ്ടാക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം കാണാൻ റെയിൽപാളത്തിനടിയിലൂടെ നടന്നുപോകാനുള്ള കലുങ്ക് പോലുള്ള സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

