വിട്ല(കർണാടക).സംസ്ഥാന അതിർത്തി പ്രദേശമായ വിട്ല പൊലിസ് സ്‌റ്റേഷൻ പരിധിയിലെ അഡ്യനടുക്കയിൽ
കർണാടക ബാങ്ക് ശാഖ കൊള്ളയടിച്ച കേസിൽ കാസർകോട് സ്വദേശികളടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ.
കവർച്ചാ സംഘത്തലവൻ സുള്ള്യ കൊയിലയിലെ റഫീഖ്, എന്ന ഗൂഡിനബളി റഫീഖ്, കൊടിയമ്മയിൽ നിന്നും വിവാഹം കഴിച്ച് നിലവിൽ ചൗക്കിയിൽ താമസക്കാരനായ കലന്തർ എന്ന ഇബ്രാഹീം,
പൈവളിഗെ ബായാറിലെ ദയാനന്ദ എന്നിവരെയാണ് വിട്ള പൊലിസിന്റെ സ്പെഷ്യൽ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റഫീഖ് നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. കലന്തർ എന്ന ഇബ്രാഹീമിനെതിരേ കണ്ണൂർ, പുത്തൂർ, സംപ്യ എന്നീ പൊലിസ് സ്റ്റേഷനുകളിലും മോഷണക്കേസുണ്ട്.
ബായാറിലെ ദയാനന്ദൻ കവർച്ച സംഘത്തിനെ സഹായിക്കുന്നതിനും കൂടെ കൂടിയ ഗ്യാസ് വെൽഡറാണ്. ഫെബ്രുവരി ഏഴിന് രാത്രിയിലാണ് അഡ്യനടുക്ക ബാങ്ക് കൊള്ളയടിക്കപ്പെട്ടത്. കാസർകോട് രജിസ്ട്രേഷനിലുള്ള കാറും, കൊടിയമ്മയിൽ കർണാടക പൊലിസ് ആഴ്ചകളോളം തമ്പടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടാനായത്.
ഒരു തുമ്പുമില്ലാത്ത കേസിൽ കൊടിയമ്മയിൽ നിന്നുള്ള അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
അതേ സമയം കൊടിയമ്മയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ മൂന്നോളം കവർച്ചാ കേസിൽ അന്വേഷണ പുരോഗതിയുണ്ടാക്കാനോ പ്രതികളെ പിടികൂടാനോ കഴിയാത്തത് കുമ്പള പൊലിസിന് നാണക്കേടായി.

