മഞ്ചേശ്വരം.മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെ.പിയിലെ കലഹം പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി പ്രവർത്തക ശിൽപ്പശാല നടന്ന ഹാളിലേക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളടക്കമുള്ള ഒരു വിഭാഗം പ്രദേശിക നേതാക്കൾ ഇരച്ചുകയറി. ജില്ലാ പ്രസിഡന്റ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡാ, നവനീത് ബഡാജെ, തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന യാദവ ബഡാജെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിൽപ്പശാല. ജില്ലാ കമ്മിറ്റി അംഗങ്ങളായ പത്മനാഭ കടപ്പുറം, അഡ്വ. നവീൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇരച്ചുകയറി യോഗം അലങ്കോലപ്പെടുത്തുകയായിരുന്നു.
സ്ഥാനാർഥി നിർണയത്തിൽ ഒരു വിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും കടുത്ത അതൃപ്തി നിലനിൽക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനമടക്കം തടസപ്പെടുത്തുന്ന സ്ഥിതിയുണ്ടായത്.
ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിലെ സ്ഥാനാർഥിയായ എം.എൽ അശ്വിനിക്ക് കാര്യമായ മേൽകോയ്മയുണ്ടാക്കി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പിടിക്കാമെന്ന തന്ത്രങ്ങൾ മെനയുമ്പോഴാണ് പാളയത്തിൽ പട ബി.ജെ.പിക്ക് മഞ്ചേശ്വരത്ത് തിരിച്ചടിയായത്.
നേരത്തെ ഈ പ്രദേശത്ത് ബി.ജെ.പി സംഘടനാ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചില തീരുമാനങ്ങളെടുത്തിരുന്നു. ഇതൊന്നും പാലിക്കാൻ ജില്ലാ നേതൃത്വം തയ്യാറായില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഇവർ വ്യക്തമാക്കി.

