ഉപ്പള.വേനൽ കടുത്തതോടെ പുഴകളിൽ നീരൊഴുക്ക് കുറഞ്ഞ് ജലാശങ്ങൾ വരണ്ടുണങ്ങി, ഇതോടെ മഞ്ചേശ്വരം താലൂക്കിൽ രൂക്ഷമായ ജലക്ഷാമത്തിന് കാരണമായി.
ഉത്തര ദേശത്തെ പ്രധാന ജല സ്രോതസായ ഷിറിയ പുഴയുടെ ഭാഗമായ അംഗഡി മുഗർ,പുത്തിഗെ എന്നീ പുഴകളും മറ്റു ജലാശയങ്ങളുമാണ് വറ്റിവരണ്ടത്.
പുഴയോട് ചേർന്നുള്ള കൈ തോടുകളടക്കം വറ്റുകയും നീരൊഴുക്ക് ക്രമാതീതമായി കുറയുകയും ചെയ്തതോടെ മഞ്ചേശ്വരം താലൂക്കിലെ കിഴക്കൻ പ്രദേശങ്ങളിലെ കർഷകരടക്കം വലിയ പ്രതിസന്ധിയിലാണ്.
അതേ സമയം കിണർ, കുഴൽ കിണർ എന്നിവയിലും ജലനിരപ്പ് താഴ്ന്നത് വിവിധ ഭാഗങ്ങളിൽ കുടിവെള്ള ക്ഷാമത്തിനിടയാക്കിയിട്ടുണ്ട്. വേനൽ മഴ ലഭിക്കാൻ ഇനിയും വൈകിയാൽ പ്രതിസന്ധി രൂക്ഷമാകും.
വിവിധ പഞ്ചായത്തുകളിൽ കോടികൾ ചിലവഴിച്ച് നടപ്പാക്കിയ ജലപദ്ധതികൾക്കായി സ്ഥാപിച്ച സംഭരണിയിൽ വെള്ളം കിട്ടാതായതോടെയാണ് പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ ദുരിതത്തിലായത്.
വോർക്കാടി, മീഞ്ച, പൈവളിഗെ, പുത്തിഗെ, എൺമകജെ പഞ്ചായത്തുകളിലാണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. വോർക്കാടി പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ വഴി നടപ്പാക്കിയ പദ്ധതി പ്രഹസനമായതായി ഇതിനോടകം തന്നെ പരാതി ഉയർന്നിട്ടുണ്ട്.
മഞ്ചേശ്വരം താലൂക്കിലെ ഭൂരിഭാഗം കർഷകരും പുഴയടക്കമുള്ള ജലാശയങ്ങളെ ആശ്രയിച്ചാണ് കാർഷിക ആവശ്യങ്ങൾക്ക് വെള്ളം കണ്ടെത്തുന്നത്.ഇതേ നില തുടർന്നാൽ വേനൽ കനക്കുമ്പോഴേക്കും സ്ഥിതി കൂടുതൽ ഗുരുതരമാകുന്നതോടൊപ്പം രൂക്ഷമായ ജലക്ഷാമമായിരിക്കും മലയോര മേഖലകളിലെ കർഷകർ നേരിടുക.

