കുമ്പള.കടലിൽ മത്സ്യസമ്പത്ത് കുറയുന്നതിൻ്റെ ആശങ്കയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. കാലവർഷത്തിനുശേഷം കടലിൽ വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾ പലപ്പോഴും വെറും കയ്യോടെയാണ് മടങ്ങിയത്. റംസാനും, വിഷുവുമൊക്കെ അടുത്തെത്തിയ സാഹചര്യത്തിൽ കുടുംബം വറുതിയിലാകുമോ എന്ന ആശങ്കയിലാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.
കടലിൽ മത്സ്യലഭ്യതയുടെ കുറവുകാരണം മാസങ്ങളോളം തോണികൾ കടലിൽ ഇറക്കിയിരുന്നില്ല. പോയാൽ തന്നെ അയല കുഞ്ഞുങ്ങൾ മാത്രമാണ് ലഭിക്കുന്നത്. "ചാകര''ക്കാലത്ത് പോലും മത്സ്യലഭ്യതയുടെ കുറവ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു.
ആഴക്കടലിലെ ബോട്ടുകളിലെ അനധികൃത മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്ത് കുറയാൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അന്യസംസ്ഥാന- വിദേശ ബോട്ടുകളൊക്കെ ആഴക്കടലിൽ അരിച്ചുപെറുക്കി മീൻ പിടിക്കുന്നതിനാൽ മത്സ്യസമ്പത്ത് ഇല്ലാതെയാവുന്നുയെന്ന പരാതിയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ന അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട നിരവധി ബോട്ടുകൾ അധികൃതർ പിടികൂടിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ദുരിതം ചൂണ്ടിക്കാട്ടിയാൽ സർക്കാർ ചെയ്യുന്നത് മുറപോലെ ''റേഷൻ സൗജന്യമാക്കൽ'' മാത്രമാണ്. ബി.പിഎൽ കുടുംബങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് ഇതുകൊണ്ട് കുടുംബം പോറ്റാൻ കഴിയുമോയെന്ന് മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നു. അനധികൃത മത്സ്യബന്ധനത്തിലൂടെ കടലിലെ മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനിർമാണം കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

