കുമ്പള.കാസർകോട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥി എം.എൽ അശ്വിനി ആരാണ്?
പാർട്ടി പ്രവർത്തകർക്കിടയിൽ സുപരിചിതയായ ഇവർ ദേശീയ നേതാക്കൾ വരെ അറിയപ്പെടുന്ന വ്യക്തി.
എന്നാൽ മഞ്ചേശ്വരത്തെ വോട്ടർമാർക്കിടയിൽ അത്ര പരിചിത മുഖമല്ല അശ്വിനിയുടേത്.
മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.എൽ.അശ്വിനിയെയാണ് കാസർകോട്ട് താമര വിരിയിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നിയോഗ മേൽപ്പിച്ചിരിക്കുന്നത്.
വൊർക്കാടി കൊട്‌ലമൊഗറിലെ പി.ശശിധരന്റെ ഭാര്യയായ അശ്വിനി ജനിച്ചതു ബെംഗളൂരു മദനനായകഹള്ളിയിലാണ്.
നഴ്സറി അധ്യാപികയായ ഇവർ 2021ലാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്.
7 വർഷം വൊർക്കാടി സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ അധ്യാപികയായിരുന്ന അശ്വിനി ജോലി രാജിവച്ചാണ് പൊതു രംഗത്തേക്കിറങ്ങിയത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 807 വോട്ടുകൾക്കു വിജയിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗമായി. കടമ്പാർ ഡിവിഷനിൽ നിന്നായിരുന്നു മത്സരിച്ചത്. ബിജെപി കുമ്പള പഞ്ചായത്ത് പ്രഭാരി കൂടിയാണ്. ഭർത്താവ് ശശിധരൻ തിരുവനന്തപുരം മിംസ് ആശുപത്രിയിൽ അസി.ഫാക്കൽറ്റി മാനേജരാണ്. വിദ്യാർഥികളായ എസ്.ജിതിൻ, എസ്.മാനസ്വി എന്നിവർ മക്കളാണ്.
കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കായി ജനവിധി തേടുന്ന ആദ്യ വനിതാ സ്ഥാനാർഥി കൂടിയാണ് അശ്വിനി

