കുമ്പള.മംഗളൂരു ഭാഗത്ത് നിന്നും നിയന്ത്രണം വിട്ട പോലെ കണ്ടൈനർ ലോറിയുടെ വരവ് ആശങ്കയ്ക്കിടയാക്കി.
മദ്യപിച്ച് ലക്കുകെട്ട ഡ്രൈവർ മറ്റു വാഹനങ്ങളിൽ ഇടിച്ചതായുള്ള വിവരം ലഭിച്ചതോടെ കുമ്പള ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് പൊലിസ് വാഹനം പിടികൂടി.
ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
പിടികൂടിയ വാഹനം ദേശീയ പാതയിൽ നിന്നും മാറ്റാൻ പൊലിസ് നന്നേ പാടുപെട്ടു.
ഇത് കുമ്പള നഗരത്തോട് ചേർന്ന് ദേശീയ പാതയിൽ ഒന്നര മണിക്കൂർ നേരം ഗതാഗതക്കുരുക്കിനിടയാക്കി.
അൽപ നേരം ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് പോലും കടന്നു പോകാനായില്ല.
ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരും ബുദ്ധിമുട്ടി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കണ്ടൈനർ ദേശീയപാതയിൽ അൽപ്പം തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറ്റി.
കാസർകോട് ഭാഗത്തേക്ക് കാർ കയറ്റി പോവുകയായിരുന്ന കണ്ടൈനർ ലോറിയാണ് ദേശീയ പാതയിൽ വലിയ കുരുക്കിനിടയാക്കിയത്.
അതേ സമയം മദ്യപിച്ച് വാഹനമോടിച്ചത് പൊലിസിന് ബോധ്യപ്പെട്ടിട്ടും ഡ്രൈവർക്കെതിരേ കേസെടുക്കാൻ പൊലിസ് തയ്യാറായില്ല.

