കുമ്പള.അവശ്യസാധനങ്ങളുടെ വിലവർധനവ് കാസർകോട്ടെ പെരുന്നാൾ അപ്പങ്ങളുടെ വിലയിലും പ്രതിഫലിച്ചു.
പെരുന്നാളിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ പെരുന്നാൾ പലഹാരങ്ങൾ അടുക്കളകളിൽ നിന്ന് ബേക്കറികളിലേക്ക് എത്തിത്തുടങ്ങി.
നേരത്തെ വീട്ടുകാർ സ്വന്തമായി ഉണ്ടാക്കിയിരുന്ന പെരുന്നാൾ പലഹാരങ്ങളാണ് ഇപ്പോൾ ബേക്കറികളിൽ വിൽപ്പനയ്ക്കെ ത്തിയിട്ടുള്ളത്.
വീടുകളിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് ആവേശം പകർന്നിരുന്ന ഇത്തരം വിഭവങ്ങളൊരുക്കൽ
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറഞ്ഞ് വരികയാണ്.
ചിത്രം. (കുമ്പളയിലെ ഒരു ബേക്കറിയിൽ വിൽപ്പനക്കെത്തിച്ച അപ്പത്തരങ്ങൾ )
ചൂട് അസഹ്യമായതിനാൽ തിളക്കുന്ന എണ്ണയുടെ മുന്നിൽ കാസർകോടൻ സ്പെഷ്യൽ പെരുന്നാൾ അപ്പങ്ങൾ ഉണ്ടാക്കാൻ സ്ത്രീകൾ പിൻവലിഞ്ഞ തോടെയാണ് പലഹാരങ്ങൾക്ക് ഇപ്പോൾ വീട്ടുകാർ ബേക്കറികളെ ആശ്രയിക്കുന്നത്.
വിവിധ തരത്തിലുള്ള പലഹാരങ്ങൾക്ക് ബേക്കറികളിൽ 200 രൂപ മുതൽ 400 രൂപ വരെ ഈടാക്കുന്നു. സൊറോട്ട,പൊരിയപ്പം, കടല പൊരിച്ചത്, ഈത്തപ്പഴം പൊരി, ചട്ടിപ്പത്തിൽ ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നതാണ് കാസർകോട്ടെ പെരുന്നാൾ പലഹാരങ്ങൾ. പെരുന്നാൾ ആശംസകൾ നേരാനും, സന്തോഷം പങ്കുവയ്ക്കാനും കുടുംബാംഗങ്ങളെയും, സന്ദർശകരെയും വീടുകളിൽ ഗമയോടെ വരവേൽക്കുന്നത് ഇത്തരത്തിലുള്ള പെരുന്നാൾ അപ്പങ്ങൾ കൊണ്ടാണ്.
ഇതിനായി വീടുകളുടെ തീൻമേശയിൽ പത്തോളം അപ്പങ്ങൾ നിരത്തി വെക്കും.
ഒപ്പം വ്യത്യസ്തങ്ങളായ ജ്യൂസുകളും.

