ഉപ്പള. മംഗൽപാടി താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ലെന്ന കാരണത്താൽ ഐപി, അത്യാഹിത വിഭാഗം നിർത്തലാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമെന്നും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും എകെഎം അഷ്‌റഫ് എംഎൽഎ പറഞ്ഞു.
രാത്രികാല സേവനം നിർത്തലാക്കാനുള്ള നീക്കത്തിൽ ബന്ധപ്പെട്ടവർ പിന്മാറണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്ക് എ.കെ.എം അഷ്റഫ് എം.എൽ.എ കത്തയച്ചു.
എട്ട് ഡോക്ടർമാരുടെ തസ്തികയാണ് താലൂക്ക് ആശുപത്രിയിലുള്ളത് ഇതിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുവദിച്ച ഒരു ഡോക്ടറടക്കം അഞ്ച് പേരാണ് നിലവിലുള്ളത്, ഇവരെ ഉപയോഗിച്ച് ഇനിയും രാത്രികാല സേവനം കൂടി നടത്താനാകില്ലെന്നും അതിനാൽ ഒക്ടോബർ 30 വൈകിട്ട് 6 മുതൽ രാത്രികാല ഐപി, അത്യാഹിത വിഭാഗം സേവനം നിർത്തലാക്കുന്നുവെന്നുമാണ് ആരോഗ്യ വിഭാഗം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചത്. ഇതിനെതിരെയാണ് എംഎൽഎ ആരോഗ്യ മന്ത്രിക്കും ആരോഗ്യ ഡയറക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്.
ആരോഗ്യ രംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലയുടെ വടക്കൻ ഭാഗത്ത് അതിർത്തി പ്രദേശത്തുള്ള ഈ താലൂക്ക് ആശുപത്രിയോട് കാലങ്ങളായി സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും താലൂക്ക് ആശുപത്രിയിൽ നിലവിലെ തസ്തിക പ്രകാരമുള്ള എട്ട് ഡോക്ടർമാരെയും അടിയന്തിരമായി നിയമിക്കണമെന്നും കൂടുതൽ ഡോക്ടർമാരുടെ തസ്തിക അനുവദിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.
മംഗൽപാടി താലൂക്ക് ആശുപത്രിയിലേക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ച കെട്ടിടത്തിന്റെ നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കിഫ്‌ബി ഉദ്യോഗസ്ഥരുമായി എംഎൽഎ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.

