കാസര്‍കോട്.എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ വിചിത്ര ഉത്തരവുമായി സംസ്ഥാന ആരോഗ്യ വകുപ്പ്.
2011 ന് ശേഷം ജനിച്ച കുട്ടികള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്നാണ് ഉത്തരവിൻ്റെ ഉളളടക്കം.
ഉത്തരവിനെതിരേ വ്യാപക പ്രതിഷേധം. 2011 ഒക്ടോബറിന് ശേഷം ജനിച്ചവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള നിര്‍ദേശമാണ് വിവാദത്തിലായത്. പുതിയ ഉത്തരവ് നിലവില്‍ വന്നാല്‍ 6728 പേരുടെ പട്ടികയില്‍ നിന്ന് ഏകദേശം ആയിരത്തിലേറെ കുട്ടികള്‍ പുറത്താകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായധനത്തിന്റെയും സൗജന്യ ചികിത്സയുടെയും കാര്യത്തില്‍ സര്‍ക്കാര്‍ മുഖം തിരിക്കുന്നതിനിടെയാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
കേരളത്തില്‍ 2005 ഒക്ടോബര്‍ 25നാണ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ ആഘാതം ആറ് വര്‍ഷം മാത്രമേ നിലനില്‍ക്കൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. നിലവില്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ചുള്ള അഞ്ച് ലക്ഷം രൂപയുടെ ധനസഹായമടക്കം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പുതിയ നിര്‍ദേശത്തോടെ ഈ ആനുകൂല്യങ്ങളും നിര്‍ത്തലാവും.
ഇതോടെയാണ് പ്രതിഷേധവുമായി കാസര്‍ കോട് ജില്ലയിലെ ദുരിത ബാധിതര്‍ രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
അതേ സമയം ഉത്തരവ് സർക്കാരിനെതിരേ ശക്തമായ പ്രതിഷേധങ്ങൾക്കു പുറമേ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

