മൊഗ്രാൽ. അറഫാ മലക്ക് സലാം ചൊല്ലി,പാഞ്ഞുവരും പൂങ്കാറ്റേ...എന്ന ഗാനത്തിലൂടെ മാപ്പിളപ്പാട്ടിന് പുതിയ മാനം നൽകി മുഖ്യധാരയിലേക്ക് എത്തിയ ഗായകനും, കളരി, കോൽക്കളി, പരിചമുട്ട് ഗുരുക്കളുമായ നസീർ കൊയിലാണ്ടി ഇശൽ ഗ്രാമത്തിലെത്തുന്നു.
മൊഗ്രാൽ അൽ അമീൻ ദഫ്-കോൽക്കളി സംഘത്തിന്റെ 35-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന "തനിമ-2023 പരിപാടിയിലാണ് ഗുരുക്കൾ നസീർ കൊയിലാണ്ടി സംബന്ധിക്കുന്നത്.ഗായകനും, ഗാനരചയിതാവുമായ എം. കുഞ്ഞി മൂസ വടകര രചനയും, സംഗീതസംവിധാനവും നിർവഹിച്ച പാട്ടാണ് "അറഫാ മലക്ക് സലാം ചൊല്ലി ''യെന്ന ഗാനം. ഒരുകാലത്ത് പീർ മുഹമ്മദിന്റെ വേദികളിലെ ഹിറ്റ് പാട്ടുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ കാലങ്ങൾക്കിപ്പുറം നസീർ ഗുരുക്കൾ കണ്ഠമിടറി തന്റെ ശബ്ദത്തിൽ പാടിയപ്പോൾ അതിന് അനന്യമായ അഴകും സൗന്ദര്യവും കൈവന്നുവെന്നതാണ് ഈ പാട്ടിന്റെ പ്രത്യേകത.
നവംബർ 24ന് രാത്രി 6.30ന് മൊഗ്രാൽ ഗവ. വൊ ക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പി.ബി അബ്ദുൽ റസാഖ് പവലിയനിലാണ് ദഫ് കോൽക്കളി, തനിമയാർന്ന മാപ്പിളപ്പാട്ടുകൾ അടങ്ങുന്ന കലാവിരുന്നൊരുക്കുന്നതെന്ന് അൽ അമീൻ ദഫ് കോൽക്കളി സംഘം സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

