കുമ്പള.കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി സർക്കാർ അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങിയതായി ആക്ഷേപം.
ഫണ്ട് അനുവദിച്ചതായി സർക്കാർ ഉത്തരവിറങ്ങി അഞ്ച് മാസം കഴിഞ്ഞിട്ടും പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികൾ പോലും ആരംഭിച്ചിട്ടില്ല.
1954 ലെ പഴകി ദ്രവിച്ച കെട്ടിടം തന്നെയാണ് ഇപ്പോഴും ആരോഗ്യകേന്ദ്രത്തൽ നിലവിലുള്ളത്. ആറുപത്തിയഞ്ച് വർഷം പിന്നിട്ട കെട്ടിടത്തിന് തകർച്ചാ ഭീഷണി നേരിടാൻ തുടങ്ങി കാലമേറെയായി.
സർക്കാർ ഫണ്ടുകൾ ആവശ്യത്തിനും അനാവശ്യത്തിനും വിനിയോഗിക്കുമ്പോഴാണ് കുമ്പളയിലെ ഈ ആതുരാലയത്തോട് മാത്രം വിവേചനം.
സംസ്ഥാനത്തെ ഒട്ടുമിക്ക സി.എച്ച്.സികളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളായി മാറുമ്പോഴാണ് കുമ്പള സാമൂഹ്യാരോഗ്യ കേന്ദ്രത്തെ പാടെ അവഗണിക്കുന്നത്.
കാസർകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയുടെ സമഗ്ര വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പത്ത് കോടിയുടെ പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു. വിഷയത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എയുടെ പരിശ്രമത്തിൻ്റെ ഫലമായി സർക്കാർ അഞ്ച് കോടി അനുവദിക്കുകയായിരുന്നു.
കുമ്പള പഞ്ചായത്തിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ രോഗികളാണ് കുമ്പള സി.എച്ച്. സി യെ ആശ്രയിക്കുന്നത്. ദിവസേന ആയിരത്തോളം രോഗികൾ ഈ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നുണ്ടെന്നാണ് കണക്ക്.
കൂടാതെ പുത്തിഗെ, മൊഗ്രാൽപുത്തൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം രോഗികൾ ഈ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്.മഴക്കാലത്ത് ചോർന്നൊലിക്കുന്നതും, യാതൊരു തരത്തിലുള്ള അറ്റകുറ്റപ്പണികൾ നടത്താത്തതുമായ സി.എച്ച്.സി കെട്ടിടത്തിന് അടിയന്തിര ചികിത്സ വേണമെന്ന് നിരന്തരമായി നാട്ടുകാരും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നത്.
ഇതിന് പുറമേ ഡോക്ടർമാരുടെയും, ജീവനക്കാരുടെയും കുറവും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതയുംആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ഡയാലിസിസ് തുടങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും ഇതും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

