കുമ്പള.ചെങ്കിനടുക്കം അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതിയില്ല.
സ്വന്തമായി കെട്ടിടമുണ്ടായിരുന്ന അങ്കണവാടിയുടെ പ്രവർത്തനം നിലവിൽ കുടുസുമുറിയിലാണ്.
കുമ്പള പഞ്ചായത്ത് കൊടിയമ്മ 9-ാം വാർഡിലെ ചെങ്കിനടുക്ക അങ്കണവാടിയുടേതാണ് ഈ ദുരാവസ്ഥ.
കഴിഞ്ഞ രണ്ട് വർഷത്തോളമായി
കൊടിയമ്മ യു.പി സ്കൂളിനു സമീപത്തെ ചെറിയൊരു കടമുറിയിലാണ് അങ്കണവാടി പ്രവർത്തിച്ചുവരുന്നത്.
അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇവിടെ
കുട്ടികൾക്ക് കളിക്കാൻ പോയിട്ട് ഒന്നു നിവർന്നിരിക്കാൻ പോലുമാവുന്നില്ല.
1998 ൽ നിർമിച്ച അങ്കണവാടി കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് തകർച്ചാ ഭീഷണി നേരിടുന്നതിനാൽ യോഗ്യമല്ലെന്ന് കാണിച്ച് എൽ.എസ്.ജി.ഡി എൻജിനയർ
റിപ്പോർട്ട് നൽകിയിരുന്നു.
ഇതേ തുടർന്നാണ് ഇരുന്നൂറ് മീറ്റർ അകലെയുള്ള കെട്ടിടത്തിലേക്ക് അങ്കണവാടിയുടെ പ്രവർത്തനം മാറ്റിയത്.
എന്നാൽ രണ്ട് വർഷമായി ഇടുങ്ങിയ കടമുറിയിൽ അംഗൻവാടി പ്രവർത്തിക്കുന്നതിനാൽ പലരും കുട്ടികളെ അയക്കാൻ തയ്യാറാവുന്നില്ല.
ഇക്കാര്യം നാട്ടുകാർ നിരന്തരമായി വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
എന്നാൽ ഇതുവരെ യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം വർഷങ്ങളായി അനാഥമായി കിടക്കുന്ന ഈ കെട്ടിടം കാടുവളർന് ഇഴജന്തുക്കളുടെയും മറ്റും താവളമായതിനാൽ സമീപത്തെ വീട്ടുകാർ ഭീതിയിലാണ്.

