കുമ്പള സ്കൂൾ റോഡിലെ ഓവുചാൽ സ്ലാബിട്ട് മൂടുന്ന പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിച്ച് വരുന്നു.
സ്കൂൾ റോഡിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കൂടിയത് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രകർക്കും വ്യാപാരികൾക്കും ഒരു പോലെ ദുരിതമായിരുന്നു.
സഞ്ചാരം സുഖമമാക്കാൻ ഓവുചാൽ സ്ലാബിട്ട് മൂടണമെന്ന നിർദേശം വ്യാപാരികളാണ് മുന്നോട്ടുവച്ചത്.
തിരക്കേറിയ റോഡ് നന്നേ വീതി കുറവായതിനാൽ രണ്ട് വാഹനങ്ങൾ നേർക്കുനേർ വന്നാൽ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.അതിനാൽ ഓവുചാൽ മൂടി കൈവരിയോടു കൂടിയ നടപ്പാതയൊരുക്കണമെന്നതായിരുന്നു ആവശ്യം. നടപ്പാതയെന്നത് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. കൈവരിയോടെ നടപ്പാതയൊരുക്കിയാൽ വിദ്യാർഥികളുടെ സുരക്ഷക്കും നഗര സൗന്ദര്യത്തിനും കാരണമാകുമെന്നാണ് വിലയിരുത്തൽ.
ഓവുചാൽ സ്ലാബിട്ട് മൂടുക വഴി
തിരക്കേറിയ റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമൊരുക്കാമെന്നാണ്
പഞ്ചായത്ത് കരുതുന്നത്.
ഓവുചാൽ മൂടാത്തത് കാരണം മാലിന്യം തള്ളലും, കത്തിക്കലും പതിവായിരുന്നു. ഓട നിറഞ് മഴക്കാലങ്ങളിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക്
മഴവെള്ളവും, മലിനജലവും കുത്തിയൊലിച്ചെത്തുന്നത് വ്യാപാരികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.

