പൈവളിഗെ.(മഞ്ചേശ്വരം). ജില്ലയിലെ ആരോഗ്യ മേഖല, റെയിൽവേ, ടൂറിസം മേഖലകളിലെ പിന്നോക്കാവസ്ഥയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി നവ കേരള സദസിൽ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി.
ജില്ലയിലെ മെഡിക്കൽ കോളജ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ എൻഡോസൾഫാൻ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നവീകരണം ആറുമാസമായിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാത്ത സാഹചര്യത്തിൽ ഇടപെടൽ വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
യാത്രക്കാരുടെ എണ്ണത്തിലെ വർധനവും നല്ല വരുമാനവുമുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് റെയിൽവേ ചുമതല കൂടി വഹിക്കുന്ന മന്ത്രി വി. അബ്ദുൽ റഹ്മാനും നിവേദനം നൽകി. 37 ഏക്കറോളം സ്ഥലസൗകര്യമുള്ള റെയിൽവേ സ്റ്റേഷൻ അടിസ്ഥാനസൗകര്യ വികസനം ഒരുക്കി സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്താനുള്ള നടപടി വേണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലയിലെ ടൂറിസം വികസനത്തിൽ മഞ്ചേശ്വരം മണ്ഡലത്തിലെയും, കുമ്പള ഗ്രാമപഞ്ചായത്തിലെയും ടൂറിസം പദ്ധതികളെ അവഗണിക്കുകയാണെന്ന് കാണിച്ചു ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂര്‍ പക്ഷി ഗ്രാമം ടൂറിസം പദ്ധതി, യക്ഷഗാന കലാ കേന്ദ്രം പദ്ധതികളുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനന്തപുരം ശ്രീപത്മനാഭ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അനന്തപുരം ടൂറിസം പ്രദേശം, ചരിത്ര പൈതൃകമുള്ള കുമ്പള ആരിക്കാടി കോട്ട, മഞ്ചേശ്വരം കണ്വതീർഥ കടലോര ടൂറിസം പദ്ധതി, ആരിക്കാടി ടൂറിസം വില്ലേജ് പദ്ധതി തുടങ്ങിയ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകണമെന്നും ദേശീയവേദി നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രസിഡൻ്റ് വിജയകുമാർ, ജന:സെക്രട്ടറി റിയാസ് കരീം, എക്സിക്യൂട്ടീവ് അംഗം എഎം സിദ്ദീഖ് റഹ്മാൻ എന്നിവരാണ് നിവേദനം നൽകിയത്.

