കാസർകോട്.കുമ്പള ടൂറിസം പദ്ധതിയുടെ ഭാഗമായി കിദൂർ കുണ്ടങ്കരടുക്കയിൽ "പക്ഷി ഗ്രാമം" പ്രദേശത്ത് നിർമിക്കുന്ന ഡോർമെറ്ററി,അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി
ടൂറിസം വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല ജില്ലാ നിർമിതി കേന്ദ്രത്തിനാണ്.
പക്ഷി നിരീക്ഷണത്തിനായി എത്തുന്ന ഗവേഷണ വിദ്യാർഥികൾക്കും, നിരീക്ഷകർക്കും താമസിക്കുന്നതിനുള്ള സൗകര്യങ്ങൾക്ക് പുറമേ ക്യാംപ് സെറ്റ് കൂടി വേണമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
അപൂർവ്വങ്ങളായ ദേശാടന പക്ഷികളടക്കം ഇരുന്നൂറോളം പക്ഷികളെ ഇതിനോടകം കണ്ടെത്തിയ ഇടമാണ് കിദൂർ കുണ്ടങ്കരടുക്ക. പത്ത് ഏക്കർ ഭൂ വിസ്തൃതിയുള്ള നിർദിഷ്ട പക്ഷി ഗ്രാമം ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ്.
ആവശ്യത്തിന് വെള്ളവും തീറ്റയും ലഭിക്കുന്നതിനാലാണ് പക്ഷികൾ കൂട്ടത്തോടെ ഇവിടെ എത്തുന്നതെന്ന് നിരീക്ഷകർ പറയുന്നു.
പാറപ്പുറത്ത് കാണുന്ന പ്രത്യേകതരം ജൈവ സാന്നിധ്യങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിൽ നിന്നും ഗവേഷക സംഘം കിദൂരിൽ എത്തിയിരുന്നു.
2018ൽ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
മുൻ ജില്ലാ കലക്ടർ ഡോ: ബി. സജിത് ബാബു താൽപ്പര്യമെടുത്താണ് കാസർകോട് പാക്കേജിൽ നിന്നും ഫണ്ട് ലഭ്യമാക്കിയത്. പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് കുമ്പളയുടെ സമഗ്രമായ ടൂറിസം വികസനത്തിന് വഴിയൊരുങ്ങും.
പൂർണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിർമാണങ്ങളാണ് പക്ഷി ഗ്രാമത്തിൽ പുരോഗമിക്കുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, അയൽ സംസ്ഥാനങ്ങളിൽ നിന്നും പക്ഷി നിരീക്ഷകരുടെയും, പ്രകൃതി സ്നേഹികളുടെയും മുഖ്യ ആകർഷണ കേന്ദ്രമായി ഇവിടം മാറിയേക്കും.

