കാസർകോട്.മംഗൽപാടി പഞ്ചായത്ത് അംഗം ഉമ്പായി എന്ന പി.ബി ഇബ്രാഹിമിന് തിരക്കൊഴിഞ്ഞ നേരമില്ല. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന പെയിന്റിങ് തൊഴിലാളിയായ ഇദ്ദേഹം മറ്റുള്ളവരുടെ പ്രയാസങ്ങൾ കാണുമ്പോൾ എല്ലാം മറന്ന് സാന്ത്വനത്തിന്റെ കൈലേസുമായി ഓടിയെത്തുക പതിവാണ്. മംഗൽപാടി പഞ്ചായത്തിൽ ജീവനക്കാർ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ സമരപന്തലിൽ ഇരിക്കവെയാണ് വില്ലേജ് ഓഫീസ് കിണറ്റിൽ ഒരാൾ വീണ വിവരം ഉമ്പായിയുടെ കാതുകളിലെത്തിയത്. ഒട്ടും സമയം പാഴാക്കാതെ അവിടെ ഓടിയെത്തിയ ഉമ്പായി കിണറ്റിലേകെടുത്തു ചാടിയത് കൊണ്ടുമാത്രം ബന്തിയോട് അടുക്ക സ്വദേശിയായ നസീർ (45) എന്നയാളുടെ ജീവൻ തിരിച്ചുകിട്ടിയത് ഈ മാസം 20ന് ആയിരുന്നു (20-10-2023) വില്ലേജ് ഓഫീസ് ജീവനക്കാരും അഗ്നിശമന സേനാംഗങ്ങളും നയാബസാറലെ ജനങ്ങളും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളും ബിഗ് സല്യൂട്ടും നൽകി ഉമ്പായിയെ അനുമോദിച്ചു.
നാല് മാസം അടുക്ക ബിലാൽ മസ്ജിദ് കിണറിൽ വീണ അബ്ബാസ് മംഗൾപാടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയതു ഉമ്പായിയുടെ തൊപ്പിയിൽ മറ്റൊരു പൊൻ തൂവലാണ്. 2022 ഡിസംബർ 15ന് മംഗൽപാടിയിൽ ഫാത്തിമത്ത് റുബീന പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ഉമ്പായി അടക്കമുള്ളവർ പ്രസിഡൻ്റിനെ അഭിനന്ദിക്കുന്ന ചടങ്ങിലായിരുന്നു അപ്പോഴാണ് ഉപ്പള ടൗണിൽ അബ്ദുസമദ് എന്നയാളുടെ സേഫ്റ്റി ടാങ്കിൽ രണ്ടു വയസുള്ള കുട്ടി വീണ വിവരം ഉമ്പായിയെ തേടിയെത്തിയത്. ഒട്ടും സമയം പാഴാക്കാതെ ഉമ്പായി ഓടിയെത്തി ദുർഗന്ധം കണക്കിലെടുക്കാതെ സേഫ്റ്റി ടാങ്കിൽ ഇറങ്ങി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊവിഡ് കാലത്ത് ഉമ്പായിക്ക് ജില്ലാ കലക്ടറുടെ വളണ്ടിയർ ബാഡ്ജ് ലഭിച്ചിട്ടുണ്ട്. സ്വന്തം ജീവൻ പണയപ്പെടുത്തി കൊവിഡ് ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിലും രോഗികളെ പരിപാലിക്കുന്നതിലും ഉമ്പായി മുമ്പിലുണ്ടായിരുന്നു. ദേഹമാസകലം പുഴുവരിച്ചു് വൃത്തിഹീനമായ സാഹചര്യത്തിൽ ഷിറിയായിലെ കൊച്ചു കുരയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് എന്ന വൃദ്ധനെ ജി.എച്ച്.എസ്.എസ് മംഗൽപാടിയിലെ കൊവിഡ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ച് ദിവസങ്ങളോളം ഉമ്പായി പരിചരിച്ചിട്ടുണ്ട്.
ഉമ്പായിയുടെ ധീരതയും ത്യാഗവും മംഗൽപാടിയിൽ മാത്രം ഒതുങ്ങുന്നില്ല. ഏതാനും വർഷം മുമ്പ് ജോലി തേടി തിരുവനന്തപുരത്തു പോയി മടങ്ങുമ്പോൾ മാവേലി എക്സ്പ്രസിൽ പട്ടാമ്പിയിൽ വെച്ച് ഇലക്ട്രിക് ലൈന് പൊട്ടിവീണ് ട്രെയിൻ നിർത്തേണ്ടി വന്നപ്പോൾ ട്രെയിനിൽ മുകളിൽ കയറി തടസങ്ങൾ മാറ്റിയത് ഉമ്പായിയായിരുന്നു. അന്നത്തെ റെയിൽവേ സുരക്ഷാസേനാംഗമായിരുന്ന കോഴിക്കോട് സ്വദേശി ഭൂപേഷ് കുമാർ, ഉമ്പായിയെ പ്രശംസിച്ച് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്
ജോലി തേടി മുംബൈയിലേക്കുള്ള മറ്റൊരു യാത്രയിൽ മാഗ് എക്സ്പ്രസ് കാർവാർ എത്തിയപ്പോൾ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും പെട്ട് പാറ കഷ്ണങ്ങൾ ഉരുണ്ടുവീണു 5 ബോഗികൾക്ക് കേടുപാടുകളും യാത്രക്കാർക്ക് പരുക്കും പറ്റിയപ്പോൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടവരിൽ ഉമ്പായി ഉണ്ടായിരുന്നു.
ഈ ജന സേവകന് നാട്ടുകാരും വിവിധ സംഘടനകളും നിരവധി സമ്മാനങ്ങൾ നൽകിയെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ ഇതര വകുപ്പുകളുടെയോ അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടില്ല.

