രാജ്യത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യക്കാർക്കും ബിസിനസ് ഇ-വിസ പ്രഖ്യാപിച്ചു. ഇതോടെ, നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വിസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. സഊദി വിദേശകാര്യ മന്ത്രാലയം, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് ലോകത്തെ എല്ലാ രാജ്യക്കാർക്കും ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസ (വിസിറ്റിങ് ഇൻവെസ്റ്റർ ) നൽകുന്നതിനുള്ള സേവനത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചത്.
എല്ലാ രാജ്യക്കാർക്കും ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. അപേക്ഷ സമർപ്പിക്കുന്നതോടെ നിക്ഷേപകന് ഓൺലൈനിൽ നിന്ന് വിസ ഇമെയിൽ വഴിയായി ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് വിസ നടപടികൾ ക്രമീകരിച്ചിരിക്കുന്നത്.ഇതോടെ നിക്ഷേപ സൗഹൃദ ഗൾഫ് രാജ്യങ്ങളുടെ പട്ടികയിൽ സഊദി ഇടം പിടിക്കുകയും. കൂടുതൽ തൊഴിൽ അവസരങ്ങൾക്ക് കൂടി തുടക്കമിടുകയും ചെയ്യും.

