കാസർകോട്. നവകേരള സദസുമായി ബന്ധപ്പെട്ട് ഞായറാഴ്ച പ്രവൃത്തി ദിനമാക്കിയ വിഷയത്തിൽ ജില്ലാ കലക്ടർ നടത്തിയ പ്രസ്താവന ജീവനക്കാർ ഉറങ്ങുന്നതിനു പോലും ശമ്പളം വാങ്ങുന്നവരും അമിതമായി ആനുകൂല്യങ്ങൾ കൈപറ്റുന്നവരുമാണെന്ന തരത്തിലുള്ള പരാമര്‍ശം ജീവനക്കാരെ അവഹേളിക്കുന്നതാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോൾ 18% ക്ഷാമബത്ത നിഷേധിച്ചതും, ലീവ് സറണ്ടർ 3 വർഷമായി പിടിച്ചുവെച്ചതും, ജീവനക്കാര്‍ക്കുള്ള ഭവനവായ്പ നിർത്തൽ ചെയ്തതുമുൾപ്പടെ നിരവധി ആനുകൂല്യങ്ങൾ നിഷേധിച്ചത് സാധാരണ ജീവനക്കാരുടെ ജീവിതം ദുരിതപൂർണമാണ്. ഉയർന്ന ശമ്പളത്തോടൊപ്പം കൃത്യമായി ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്ന ഐ.എ.എസുകാർ ഉൾപ്പടെയുള്ളവരുടെ ജീവിതനിലവാരവുമായി താരതമ്യം ചെയ്ത്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. അടിയന്തിര ഘട്ടങ്ങളില്‍ രാത്രിയോ പകലോ അവധി ദിവസമോ നോക്കാതെ സേവനമനുഷ്ടിക്കുന്ന ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.

