മഞ്ചേശ്വരം.ദേശീയപാത തലപ്പാടി-ചെങ്കള റീച്ചിൽ ടാറിങ് പ്രവൃത്തികളടക്കം പൂർത്തിയായ ഭാഗത്ത് രാത്രി കാലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടം ക്ഷണിച്ചു വരുത്താൻ കാരണമാകുന്നു.
തലപ്പാടി മുതൽ കാസർകോട് വരെ വിവിധയിടങ്ങളിലാണ് ഇത്തരത്തിൽ റോഡിൻ്റെ വശം ചേർന്ന് കൂറ്റൻ കണ്ടൈനർ അടക്കമുള്ള വാഹനങ്ങൾ നിർത്തിയിടുന്നത്.
പാർക്കിങ് ലൈറ്റുകളോ, മറ്റു സിഗ്നലുകളോ നൽകാതെയാണ് വലിയ വാഹനങ്ങൾ റോഡിൽ നിർത്തുന്നത്.
ദേശീയപാത നിർമാണ കമ്പനിയുടെ ടിപ്പർ ലോറികളും ഇക്കൂട്ടത്തിൽ ഉണ്ട്.
രാത്രിയിൽ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചം കാരണം നിർത്തിയിട്ട വാഹനങ്ങൾ കാണുവാൻ ഡ്രൈവർമാർക്ക് കഴിയുന്നില്ല,
വളരെ അടുത്ത് എത്തുമ്പോഴാണ് പലരും മുന്നിൽ ഇത്തരം വാഹനങ്ങൾ ശ്രദ്ധിക്കുന്നത്.
ഈ സമയം പൊടുന്നനെ ബ്രേക്കിടുന്നതിനാൽ ബൈക്ക്, ഓട്ടോ റിക്ഷകടക്കം അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്.
ഇക്കാര്യം പരിസരവാസികളും മറ്റും നിരവധി തവണ പൊലിസ്, റോഡ് കരാർ കമ്പനി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും വാഹനങ്ങൾ രാത്രിയും പകലും നിർത്തിയിടുന്നത് പതിവായി തുടരുന്നു.
പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ദേശീയ പാതയിൽ പലയിടത്തും ഗതാഗതം, സർവീസ് റോഡിലൂടെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്.
ഇതേ തുടർന്ന് താൽകാലിക ഡിവൈഡറുകൾ അടുക്കി വെച്ച ഭാഗങ്ങളിലടക്കം അപകടകരമാംവിധം വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്.

