കുമ്പള.ദേശീയ പാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി പാലങ്ങളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
തലപ്പാടി-ചെങ്കള റീച്ചിലെ മേജർ പാലങ്ങളിലൊന്നായ കുമ്പള പാലം നിർമാണം പൂർത്തിയാക്കി രണ്ടാഴ്ച മുമ്പ് തുറന്നുകൊടുത്തതോടെയാണ് പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തിക്ക് കഴിഞ്ഞ ദിവസം തുടക്കമായത്.
ഇവിടെ നിലവിലെ പാലത്തിന് സമാന്തരമായി തുല്യ നീളത്തിൽ മറ്റൊരു പുതിയ പാലം കൂടി നിർമിക്കുന്നതിൻ്റെ ഭാഗമായാണ് പഴയ പാലം പൊളിച്ചു നീക്കുന്നത്.
അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ആദ്യഘട്ടത്തിൽ പാലത്തിൻ്റെ സ്ലാബുകൾ പൊളിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. തൂണുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പൊളിച്ചു തീരാൻ ഏകദേശം രണ്ട് മാസത്തോളം സമയമെടുത്തേക്കും.ഇതോടൊപ്പം തന്നെ പുതിയ പാലത്തിനായി തൂണുകൾ നിർമിക്കുന്ന പ്രവൃത്തിയും ആരംഭിക്കും.
പുതിയ പാലത്തിൻ്റെ നിർമാണം തുടങ്ങി,ആറ് മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.എൽ.സി.സി അധികൃതർ.

