ന്യൂഡൽഹി.പ്രധാന മന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ഇന്ത്യാ സഖ്യത്തിൽ കടുത്ത ഭിന്നതയെന്ന് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യത്തിൽ വിള്ളലുകളുണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രാഹുൽ ഗാന്ധിയും ടെലഫോണിലൂടെ സംസാരിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിറ്റില്ല. പ്രധാനമന്ത്രിയുടെയോ സഖ്യത്തിന്റെ കൺവീനറുടെയോ മുഖമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കെജ്രിവാളിനും അനുകൂല നിലപാടായിരുന്നു.
ഗാന്ധി കുടുംബത്തിന്റെയും നിതീഷ് കുമാറിന്റെയും വഴിതടയുകയാണ് ലക്ഷ്യമെന്ന് ആരോപണമുയർന്നതിനു പിന്നാലെയായിരുന്നു
രാഹുല്‍ നിതീഷുമായി സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മമതയെയും കെജ്‌രിവാളിനെയും ഇക്കാര്യത്തിൽ ഖാർഗെ തിരുത്തിയെങ്കിലും ഇന്ത്യ മുന്നണിയിൽ തർക്കം തീർന്നില്ലെന്നതിന്റെ സൂചനയാണിത്.
തന്റെ പ്രധാനമന്ത്രി മോഹത്തെക്കുറിച്ച് പരസ്യമായി വെളിപ്പെടുത്താൻ നിതീഷ് ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ, പലപ്പോഴായി ജെ.ഡി.യു ഇക്കാര്യം മുന്നോട്ട് വച്ചിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കേണ്ട എല്ലാ അനുഭവങ്ങളും തികഞ്ഞ വ്യക്തിയാണ് നിതീഷെന്ന് ജെ.ഡി.യു നേതാക്കളും വ്യക്തമാക്കിയിരുന്നു.
അതേ സമയം വിവാദങ്ങൾക്കൊന്നും ചെവികൊടുക്കാതെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് നേതൃത്വം

