തിരുവനന്തപുരം.ഉത്തരേന്ത്യ അതിശൈത്യത്തിൽ വിറക്കുമ്പോൾ
കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 4 മുതൽ 8 ഡിഗ്രി വരെയാണ്. എന്നാൽ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. കോഴിക്കോടിനും കണ്ണൂരിനും ഇടയിലുള്ള തീരക്കടലിൽ രൂപപ്പെട്ട കാറ്റിന്റെ ചുഴിയാണ് മഴക്ക് കാരണം.
കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്കും ഇടയിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ബംഗാൾ ഉൾക്കടലിൽ കിഴക്കൻ കാറ്റിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും കരയിൽ പ്രവേശിക്കുന്നില്ല.
തെക്കൻ തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിൽ മഴ സാധ്യതയുണ്ട്. തുലാവർഷ കാറ്റ് വിട വാങ്ങാത്തതിനാൽ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റപ്പെട്ട മഴ ഇനിയും തുടരും. ഈ കാറ്റിന്റെ സ്വാധീനം മൂലമാണ് ശൈത്യം കേരളത്തിൽ എത്താത്തത്. തുലാവർഷക്കാറ്റ് വിട വാങ്ങുന്നതോടെയേ ശൈത്യക്കാറ്റ് കേരളത്തിൽ എത്തുകയുള്ളൂ. ജനുവരി രണ്ടാം വാരത്തിനു ശേഷം കൂടുതൽ തണുപ്പ് കേരളത്തിൽ എത്താനാണ് സാധ്യത.
ഈ മാസം 31 ന് തുലാവർഷ സീസണിലെ ഔദ്യോഗിക മഴ കണക്ക് അവസാനിക്കും. ജനുവരി ആദ്യവാരം ലഭിക്കുന്ന മഴ ശീതകാല മഴയുടെ കണക്കിലാണ് ഉൾപ്പെടുത്തുക. ജനുവരി, ഫെബ്രുവരി മാസത്തെ മഴയാണ് ശീതകാല മഴയായി കണക്കാക്കുക.

