കുമ്പള .ദേശീയപാത തലപ്പാടി-ചെങ്കള ആറുവരി പ്രവൃത്തിയുടെ ഭാഗമായി പാലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിൽ.
നിർമാണം പൂർത്തീകരിച്ച കുമ്പള പാലം തിങ്കളാഴ്ച ഗതാഗതത്തിനു തുറന്നുകൊടുത്തു.
ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ക്കു സുഗമമായി കടന്നുപോകാനുള്ള സൗകര്യത്തോടെയാണ് പാലം നിർമിച്ചിരിക്കുന്നത്.
പഴയ പാലം പൊളിച്ചുമാറ്റി രണ്ടുവരിയിൽ പുതിയ പാലം ഉടൻ നിർമാണം തുടങ്ങും.
ഈ റീച്ചിലെ പ്രധാന പാലങ്ങളിലൊന്നാണ് കുമ്പള.
ഉപ്പള, മൊഗ്രാൽ പാലങ്ങളുടെ പ്രവൃത്തിയും ഏതാണ്ട് പൂർത്തിയായി.
ഉപ്പള പാലത്തിൽ സംരക്ഷണ ഭിത്തിയുടെ നിർമാണ പ്രവൃത്തികളാണ് നിലവിൽ പുരോഗമിച്ചു വരുന്നത്. ഷിറിയ പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും അന്തിമഘട്ടത്തിലാണ്.
അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് ഷിറിയ പാലത്തിൽ ഗർഡർ ഘടിപ്പിക്കുന്നത്.
അതിനിടെ ചെറു പാലങ്ങളുടെ നിർമാണവും പൂർത്തിയായി വരുന്നു.
ദേശീയ പാത 66 ൽ ഏറ്റവുമധികം പലങ്ങളുടെ നിർമാണം നടക്കുന്നതും തലപ്പാടി-ചെങ്കള റീച്ചിലാണ്. പൊസോട്ട് മുതൽ മൊഗ്രാൽ വരെ ചെറുതും വലുതുമായ ഏഴു പാലങ്ങളാണ് നിർമിക്കുന്നത്.
മൂന്ന് മാസത്തിനകം എല്ലാ പാലങ്ങളുടെ പ്രവൃത്തി പൂർത്തികരിക്കാനാകുമെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.

