മൊഗ്രാൽ.ദേശീയപാത നിർമാണത്തെ തുടർന്ന് മൊഗ്രാൽ പ്രദേശം കിഴക്ക്-പടിഞ്ഞാറായി മാറിയതോടെ യാത്രാദുരിതം നേരിടുന്ന വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാരുടെ ദുരിതത്തിന് പരിഹാരം വേണമെന്ന ആവശ്യം ശക്തമാകുന്നു.
ദേശീയപാതയിൽ പ്രധാന ടൗണുകളിലും ജംങ്ഷനുകളിലും അടിപ്പാതകൾ നിർമിച്ചിട്ടുണ്ടെങ്കിലും
അടിപ്പാത ഇല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ചു കടക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്.
ഇത് ഏറെയും ബാധിക്കുന്നത് വിദ്യാർഥികളെയും സ്ത്രീകളെയുമാണ്.
നിലവിൽ മൊഗ്രാൽ ഷാഫി ജുമാ മസ്ജിദിന് സമീപം പ്രവൃത്തി പുരോഗമിക്കുന്ന കലുങ്കിലൂടെ നടന്നുപോകാൻ കഴിയുന്ന തരത്തിൽ നിർമാണ രീതിയിൽ മാറ്റം വരുത്തണമെന്നാണ് ജുമാ മസ്ജിദ് ഭാരവാഹികൾ ദേശീയ പാത അധികൃതരോട് ആവശ്യപ്പെട്ടത്.
കലുങ്ക് നിർമാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ്
മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ ദേശീയപാത ഇപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടർക്കും,കുമ്പള ദേവീ നഗറിലുള്ള യു.എൽ.സി.സി ക്യാംപ് മാനേജർക്കും നിവേദനം നൽകിയിരിക്കുന്നത്.
കലുങ്കിന് ഉയരം കൂട്ടി കാൽനടയാത്രക്കാർക്ക് പോകാൻ സൗകര്യമൊരുക്കണമെന്നാണ് നിവേദനത്തിലെ പ്രധാന കാര്യം.
ഇത് സംബന്ധിച്ച് നേരത്തെ ജനപ്രതിനിധികൾക്കും ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടാൻ പ്രദേശവാസികൾ കലുങ്കിനു സമീപം ബാനറും സ്ഥാപിച്ചു.
വിഷയത്തിൽ മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും ബന്ധപ്പെട്ട അധികാരികൾക്ക് ഇ- മെയിൽ സന്ദേശം അയച്ചു.

