ബോവിക്കാനം: ആധുനിക വാർത്ത വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് മുളിയാറിലെ ജനങ്ങൾക്ക് വാർത്തകളും മറ്റു വിശേഷങ്ങളും അറിയിച്ചു കൊണ്ടിരുന്ന റോഡിയോ പവലിയൻ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ബോവിക്കാനം ടൗണിലെ മുളിയാർ സി.എച്ച്.സി റോഡിലുള്ള റോഡിയോ പവലിയനാണ് സംരക്ഷണമില്ലാതെ നശിച്ചു കൊണ്ടിരിക്കുന്നത്.
വാർത്തകൾ അറിയാനും പാട്ട‌് കേൾക്കാനും മുളിയാറിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത് ഈ റോഡിയോ പവലിനെയായിരുന്നു.
തെരഞ്ഞെടുപ്പ‌് കാലമായാൽ ഫലം അറിയുന്നതിനായി രാവിലെ മുതൽ നിരവധിയാളുകൾ പവലിയന് സമീപം ഒത്തുകൂടും. ആകാശവാണിയിൽ നിന്നും സംപ്രേഷണം ചെയ്യുന്ന പരിപാടികൾ പവലിനിയുമുകളിൽ സ്ഥാപിച്ചിരുന്ന രണ്ട് ഉച്ചഭാഷിണിയിലൂടെയായിരുന്നു പുറത്തേക്ക് കേൾപ്പിച്ചിരുന്നത്.
ആദ്യം കാനത്തൂർ റോഡിലെ ഒരു പഴയ കെട്ടിടത്തിന് മുകളിലായിരുന്നു റോഡിയോ പവലിയൻ പ്രവർത്തിച്ചിരുന്നത്.
ഇന്ത്യയുടെ സ്വാതാന്ത്ര്യ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മുളിയാർ പഞ്ചായത്താണ് ജവഹർലാൽ നെഹ്റു റേഡിയോ പവലിയൻ നിർമിച്ചത്. 1972ൽ മുളിയാർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന മേലത്ത് നാരായണൻ നമ്പ്യാർ തറക്കല്ലിട്ട പവലിയൻ 1974ൽ പഞ്ചായത്ത് ഡയറക്ടർ എം.സുബ്ബയയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യകാലത്ത് പവലിയൻ സംരക്ഷണത്തിനായി ഒരു ജീവനക്കാരനുണ്ടായിരുന്നു. എന്നാൽ കാലക്രമേണ എല്ലാ വീടുകളിലും റേഡിയോയും പിന്നീട് ടിവിയും വ്യാപകമായതോടെയാണ് റേഡിയോപവലിയൻ നോക്കുകുത്തിയായി മാറിയത്. അടുത്ത തലമുറക്കായി സൂക്ഷിച്ചുവയ്ക്കേണ്ട ഈ റോഡിയോ പവലിയാൻ നവീകരിച്ച് ചരിത്ര സ്മാരകമായി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

