ന്യൂഡൽഹി.രാജ്യത്തെ ഞെട്ടിച്ച പാർലമെന്റിലെ പുകയാക്രമണ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കർണാടക സ്വദേശിയായ യുവ എൻജിനീയർ, ഉത്തർപ്രദേശ് സ്വദേശി എന്നിവരാണു പിടിയിലായതെന്നാണ് വിവരം.
കർണാടകയിൽനിന്ന് അറസ്റ്റിലായ സായ് കൃഷ്ണ ജഗാലി മുൻ പൊലിസ് ഉദ്യോഗസ്ഥന്റെ (ഡിഎസ്‌പി) മകനാണ്. ലോക്സഭയിൽ പുകയാക്രമണം നടത്തി പിടിയിലായ ഡി.മനോരഞ്ജന്റെ സുഹൃത്താണ് സായ് കൃഷ്ണ. ഇരുവരും ബെംഗളൂരുവിലെ എൻജിനീയറിങ് കോളജിൽ ഒരേ സമയം പഠിച്ചിരുന്നവരാണ്. ചോദ്യം ചെയ്യലിൽ മനോരഞ്ജൻ ഇയാളുടെ പേരു പറഞ്ഞിരുന്നതായാണു റിപ്പോർട്ട്. സായ് കൃഷ്ണ വീട്ടിലിരുന്നു ജോലി ചെയ്യുകയായിരുന്നെന്നും തെറ്റൊന്നും ചെയ്തില്ലെന്നും സഹോദരി സ്പന്ദ മാധ്യമങ്ങളോടു പറഞ്ഞു.
പിടിയിലായവരെ ഡൽഹി പൊലിസ് ചോദ്യം ചെയ്ത് വരികയാണ്. അന്വേഷണം കൂടുതൽ പുരോഗമിക്കുന്നതിനിടെ കൂടുതൽ പേർ പിടിയിലായേക്കും

