കൊച്ചി. മകളെ കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും പിഴവും വിധിച്ച് കോടതി.
വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
പ്രതിക്കെതിരേ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞുവെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും, തട്ടിക്കൊണ്ടുപോകല്‍, മദ്യം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം മറ്റ് വകുപ്പുകളില്‍ 28 വര്‍ഷം തടവും ശിക്ഷ വിധിച്ചു. എല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയോ എന്നതില്‍ വ്യക്തമായിട്ടില്ല.
2021 മാര്‍ച്ച് 21 ന് മകള്‍ വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മുട്ടാര്‍പുഴയില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന കേസിലാണ് സനുമോഹനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി.
2021 മാര്‍ച്ചിലാണ് സനുമോഹനെയും, മകള്‍ വൈഗയെയും കാണാതായതായി കുടുംബം പൊലിസില്‍ പരാതി നല്‍കുന്നത്. ആലപ്പുഴയിലെ ഭാര്യ വീട്ടില്‍ നിന്നും ബന്ധുവിന്റെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് സനു മോഹന്‍ വൈഗയുമായി ഇറങ്ങിയത്. മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

