ബെംഗളൂരു: ഓണ്‍ലൈന്‍ കോടതി നടപടി പുരോഗമിക്കുന്നതിനിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് വീഡിയോ കോണ്‍ഫറന്‍സിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കര്‍ണാടക ഹൈക്കോടതി. ഇന്നലെ വൈകിട്ട് സൂം പ്ലാറ്റ്‌ഫോമിലാണ് അശ്ലീല വിഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണ് പിന്നിലെന്നാണ് സംശയം.
കര്‍ണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാര്‍വാഡ്, കൽബുർഗി ബെഞ്ചുകളുടെ വീഡിയോ കോണ്‍ഫറന്‍സും ലൈവ് സ്ട്രീമിംഗുമാണ് നിര്‍ത്തിവെച്ചത്. കൊവിഡ് വൈറസ് വ്യാപനം തുടങ്ങിയതു മുതല്‍ കേസുകള്‍ കേള്‍ക്കുന്നതിന് സ്ഥിരം വീഡിയോ കോണ്‍ഫറന്‍സിംഗ് (വിസി) സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ഹൈക്കോടതികളിലൊന്നാണ് കര്‍ണാടക ഹൈക്കോടതി.
2021 മെയ് 31നാണ് കോടതി നടപടികളുടെ യൂട്യൂബ് സ്ട്രീമിംഗ് തുടങ്ങിയത്. ഡിസംബര്‍ 4ന് ഉച്ച കഴിഞ്ഞാണ് കോടതിയുടെ സൂം പ്ലാറ്റ്‌ഫോമില്‍ അശ്ലീല ഉള്ളടക്കം പ്രത്യക്ഷപ്പെട്ടത്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന വരാലെ പറഞ്ഞു. രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ബംഗളുരു പൊലിസ് അന്വേഷണം ആരംഭിച്ചു

