കുമ്പള.കെ.എസ്.ടി.പി റോഡ് വികസിപ്പിച്ചതോടെ കുമ്പള ബസ്റ്റാൻഡ് താഴ്ച്ചയിലായത് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ബസുകളുടെ പിറക് വശം റോഡിൽ ഇടിക്കുന്നത് പതിവായതോടെ അപകട സാധ്യതയും വർധിച്ചു.
ദിവസവും നൂറ് കണക്കിന് ബസുകൾ എത്തുന്ന കുമ്പള ബസ്റ്റാൻഡിലാണ് ഇത്തരത്തിൽ അപകടം പതിയിരിക്കുന്നത്.
ഇക്കാര്യം നിരവധി തവണ കെ.എസ്.ടി.പി റോഡ് നിർമാണ കമ്പനി അധികൃതരോടും പഞ്ചായത്തിലും അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
ഒരു ലോഡ് മെറ്റൽ മിശ്രിതം ഇട്ട് ഉറപ്പിച്ചാൽ തീരുന്ന പ്രശ്നത്തെയാണ് അധികൃതർ നിസാരമായി കാണുന്നതെന്നാണ് വ്യാപാരികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ പുറത്തേക്ക് തെറിച്ചു വീണ സംഭവം ഉണ്ടായിട്ടുണ്ട്. വലിയ അപകടം ഉണ്ടാകുന്നതിന് മുമ്പെങ്കിലുംപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ബസ് ഡ്രൈവർമാരും പറയുന്നു.
കെ.എസ്.ടി.പി റോഡ് നിർമാണത്തിലെ അപാകതയാണ് ഇത്തരത്തിൽ ബസ്റ്റാൻഡ് താഴ്ച്ചയിലാകാൻ കാരണമായതെന്നാണ് പഞ്ചായത്ത് അധികാരികളുടെ വാദം.
ബസിന്റെ അടിഭാഗം വലിയ ശബ്ദത്തോടെ റോഡിൽ ഇടിക്കുന്നത് ബസുകളുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ റോഡിലിടിക്കുന്നത് പതിവായതോടെ
പിൻഭാഗം തകർന്ന് ഇരുമ്പ് കഷ്ണങ്ങളും റോഡിലെ മെറ്റലുകളും ഇളകിത്തെറിച്ച് സമീപത്തെ കടകളുടെ ചില്ലുകളിൽ പതിക്കുന്നതും പതിവാണ്.
വിദ്യാർഥികളടക്കം ദിവസവും ആയിരകണക്കിന് യാത്രക്കാർക്കും ബസ്റ്റാൻഡിലെ ഈ അപകടക്കെണി ഭീഷണി തന്നെയാണ്.
ഉയരം കൂട്ടിയ റോഡിന് സമാനമായി കോൺഗ്രീറ്റ് ചെയ്ത് ദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ പറയുന്നു.
അതേ സമയം റോഡ് വികസനത്തിൻ്റെ ഭാഗമായി കുമ്പള ബസ്റ്റാൻഡിൻ്റെ ഭാഗമായിരുന്ന സ്ഥലംകെ.എസ്.ടി.പി കയ്യേറിയതായും ആക്ഷേപമുണ്ട്.

