മൊഗ്രാൽ. രാത്രികാലങ്ങളിൽ പന്നിക്കൂട്ടങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് നാട്ടുകാർക്ക് പതിവാകുന്നു. മൊഗ്രാൽ തഖ്‌വ നഗറിലും, മീലാദ് നഗറിലുമാണ് പന്നിക്കൂട്ടങ്ങളുടെ വിളയാട്ടം കൂടുതലും . വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ മുറ്റത്തെ ചെടിച്ചട്ടികളും, പച്ചക്കറി കൃഷികളെയും നശിപ്പിക്കുന്നതും വ്യാപകമാണ്.
രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തുന്ന പന്നികളുടെ പരാക്രമണത്തിന്റെ ശബ്ദം കേട്ട് ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
വെളുപ്പിന് പള്ളിയിലേക്ക് പ്രാർത്ഥനയ്ക്കായി പോകുന്നവർക്ക് വഴിയിലൂടനീളമുള്ള പന്നിക്കൂട്ടങ്ങൾ ഭീഷണിയാവുകയാണ്.
കുമ്പള, ബംബ്രാണ, കൊടിയമ്മ, പേരാൽ, മൊഗ്രാൽ കെ.കെപുറം തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനോടകം തന്നെ പന്നി ശല്യം വർദ്ധിച്ചതായും കർഷകർ പരാതിപ്പെട്ടിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ടവരിൽ നിന്ന് പന്നിക്കൂട്ടങ്ങളെ തളക്കാൻ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.മൊഗ്രാലിൽ തമ്പടിച്ചിരിക്കുന്ന പന്നിക്കൂട്ടങ്ങളെ പിടികൂടാൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റിയും, തഖ്വ നഗർ യുവജന കൂട്ടായ്മയും ആവശ്യപ്പെട്ടു.

