ന്യൂഡല്‍ഹി.രാഹുല്‍ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അനുമതി വൈകിപ്പിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. യാത്ര ആരംഭിക്കാന്‍ നാല് ദിവസം മാത്രമാണ് ബാക്കിയുള്ളത്.
ഇംഫാലിലെ ഹപ്ത കാങ്‌ജെയ് ബുങ് ഗ്രൗണ്ട് ഉപയോഗിക്കാന്‍ ഇതുവരെയും മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഏജന്‍സികളുടെ തീരുമാനം അറിയാതെ ഗ്രൗണ്ട് അനുവദിക്കാന്‍ കഴിയില്ലെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന്റെ നിലപാട്. മോറെയിലെ സാഹചര്യം ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇന്‍ഡോ- മണിപ്പൂര്‍ അതിര്‍ത്തിയില്‍ അടുത്തിടെയും പൊലിസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മണിപ്പൂരില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് 20ന് മുംബൈയില്‍ എത്തുന്നതിന് പതിനാല് സംസ്ഥാനങ്ങൾ പിന്നിട്ട് 85 ജില്ലകളിലായി 6500 കിലോമീറ്റര്‍ ദൂരം യാത്ര സഞ്ചരിക്കും. ഹപ്ത കാങ്‌ജെയ്ബുങ് ഗ്രൗണ്ട് ലഭിച്ചില്ലെങ്കില്‍ മറ്റൊരു സ്ഥലം വേദിയാകുന്ന കാര്യത്തിലും കോണ്‍ഗ്രസ് ഉടന്‍ തീരുമാനം എടുത്തേക്കും.
അതിനിടെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാമെന്ന സൂചനയും പുറത്തു വരുന്നു

