മൊഗ്രാൽ.കാലോചിതമായ മാറ്റങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസ മേഖലയിലും മാറ്റങ്ങൾ അനിവാര്യമാണെന്നും, ഇത് ഉൾക്കൊള്ളാൻ വിദ്യാർഥി സമൂഹവും, രക്ഷിതാക്കളും തയ്യാറാകണമെന്നും സി. പി.സി.ആർ.ഐ കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ കെ.പി സുധാകരൻ അഭിപ്രായപ്പെട്ടു. മൊഗ്രാൽ കെ.എസ് അബ്ദുള്ള സെൻട്രൽ സ്കൂളിന്റെ പത്താം വാർഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം കൊടുക്കുന്നുവെന്നതിലല്ല കാര്യം, എന്ത് വിദ്യാഭ്യാസമാണ് കൊടുക്കേണ്ടത് എന്നതിലാണ് രക്ഷിതാക്കൾ ശ്രദ്ധ ചെലുത്തേണ്ടത്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വിദ്യാഭ്യാസം നൽകുകയാണ് വേണ്ടത്. വിദേശരാജ്യങ്ങളുടെ തൊഴിലുകളിലും മറ്റും ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണ് എന്നത് ഗൗരവമായി ഉൾക്കൊള്ളേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
റനീം ടിഎസ്ന്റെ ഖിറാഅത്ത് പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ അൽഫ എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ സിദ്ദീഖ് അലി മൊഗ്രാൽ അധ്യക്ഷനായി.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ എം. മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ വേദാവതി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ, പഞ്ചായത്ത് അംഗങ്ങളായ റിയാസ് മൊഗ്രാൽ, കൗലത്ത് ബീവി എന്നിവർ സ്കൂൾ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും, ട്രോഫികളും സമ്മാനിച്ചു.
അൽഫ എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർമാരായ എംസികെ അക്ബർ, ഹൈദർ ഹുബ്ലി,അബ്ദുള്ളാ-ഇബ്രാഹിം അൽഫിത്ർ സ്കൂൾ പ്രിൻസിപ്പാൾ ടികെ ജാഫർ, എംസി കുഞ്ഞഹമ്മദ്, എംഎ മൂസ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

